വെള്ളപ്പൊക്കം; ടൂറിസം മേഖലയില്‍ അപ്രതീക്ഷിത തിരിച്ചടി

ആലപ്പുഴയിലെ കായലോരം സ്തംഭിച്ചു, നഷ്ടം ലക്ഷങ്ങള്‍. മൂന്നാറില്‍ മടുപ്പ്.

Update:2022-08-08 18:24 IST

Pic Courtesy : Rakhi Parvathy 

കേരളത്തില്‍ നിര്‍ത്താതെ പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ടൂറിസം രംഗത്തേക്കെത്തേണ്ട വരുമാനവും ഒലിച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ഡാമുകള്‍ തുറക്കുന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ ബുക്കിംഗുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെടുകയാണ്. മഴയും അസ്വഭാവികമായ ജലനിരപ്പ് വര്‍ധനവും സഞ്ചാരികളെ പിന്നിലേക്ക് വലച്ചിരിക്കുകയാണ്. ഡാമുകള്‍ തുടര്‍ച്ചയായി തുറക്കുന്നതിനാല്‍ ഒട്ടുമിക്ക ജലാശയങ്ങളും നദികളും നിറഞ്ഞിരിക്കുകയാണ്.

ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ പല റോഡുകളും വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെയായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇക്കഴിഞ്ഞ ആഴ്ചയില്‍ ആലപ്പുഴ, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലെ റൂം ബുക്കിംഗുകളില്‍ 80 ശതമാനം കുറവു വന്നതായാണ് ടൂറിസ്റ്റ് ബുക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കോവിഡ് ഭീഷണി കുറഞ്ഞുവന്ന സാഹചര്യത്തില്‍ പഴയ നിലയിലേക്ക് ടൂര്‍ പാക്കേജുകളുടെ നിരക്കുകള്‍ എത്തിയിരുന്നു. എന്നാല്‍ ബിസിനസ് പച്ചപിടിക്കുമെന്ന പ്രതീക്ഷ അവതാളത്തിലായതായി ആലപ്പുഴ ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

പാക്കേജുകള്‍ കൂട്ടത്തോടെ നഷ്ടം നൽകുമ്പോൾ 

ഇക്കഴിഞ്ഞ പാദങ്ങളില്‍ കേരളത്തിലേക്ക് എത്തുന്നത് പാക്കേജുകളോട് ആകൃഷ്ടരായി എത്തുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികളാണ്. വയനാട്, മൂന്നാര്‍, ആലപ്പുഴ കായലോരം എന്നിവിടങ്ങളിലേക്കാണ് ഏറ്റവും അധികം സഞ്ചാരികള്‍ എത്തിയിട്ടുള്ളതും. എന്നാല്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ സഞ്ചാരികളുടെ ആശങ്കയും വര്‍ധിച്ചു. സുരക്ഷാ ഭീഷണിയുടെ പേരില്‍ പലരും ഹൗസ്‌ബോട്ടുകളും തീരദേശ റിസോര്‍ട്ടുകളും ബഹിഷ്‌കരിക്കുന്നതായി കേരള ഹോം സ്‌റ്റേസ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ജോമോന്‍ ജോസ് പറയുന്നു.

പല സഞ്ചാരികളും തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നും കണക്റ്റ് ചെയ്തുകൊണ്ടുള്ള ടൂറിസ്റ്റ് പാക്കേജുകളിലാണ് എത്തുന്നത്. തിരുവനന്തപുരത്തു നിന്നുള്ളവര്‍ കോവളം, വര്‍ക്കല, കൊല്ലം, ആലപ്പുഴ എന്നിവടങ്ങളിലൂടെയാണ് മൂന്നാര്‍ അല്ലെങ്കില്‍ വയനാട്ടിലേക്കുള്ള ടൂര്‍ ഉറപ്പിക്കുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നെത്തുന്നവരും ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ, മൂന്നാര്‍, വയനാട് തുടങ്ങിയ ഇടങ്ങളിലേക്ക് ടൂര്‍ പാക്കേജുകള്‍ എടുത്തിട്ടാണ് കൂടുതലായും വരുന്നതെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രതിനിധി ഷഫീന പറയുന്നു.

പാക്കേജുകള്‍ ആയി എത്തുന്നത്‌കൊണ്ട് തന്നെ ഈ സ്ഥലങ്ങളിലെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ കൂട്ടമായി റദ്ദാക്കാനുള്ള സാഹചര്യമുണ്ടാക്കുന്നു. 16000ത്തോളം ബുക്കിംഗുകളാണ് ഇക്കഴിഞ്ഞ രണ്ടാഴ്ചയില്‍ ക്യാന്‍സലേഷന് വിധേയമായത്. ലക്ഷങ്ങളാണ് ഈ വിഭാഗത്തില്‍ മേഖലയിലുണ്ടായിട്ടുള്ള നഷ്ടം.

അനുബന്ധ മേഖലകള്‍ക്കും ക്ഷീണം

മൂന്നാറിലേക്കുള്ള റോഡുകളും കുളമാവ്, ഇടുക്കി, വാഗമണ്‍(പല പ്രദേശങ്ങളും), ഇല്ലിക്കല്‍ കല്ല് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. റിസോര്‍ട്ടുകളും മറ്റും മാത്രമല്ല, ജീപ്പ്, ടാക്‌സി ഓപ്പറേറ്റേഴ്‌സിനും റസ്റ്റോറന്റുകള്‍ക്കുമെല്ലാം ടൂറിസം പ്രതിസന്ധി മോശമായി ബാധിച്ചിട്ടുണ്ട്.

ടൂറിസം മേഖലയ്ക്ക് ശനിദശയാണെന്നാണ് കേരള ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി അംഗമായ ശ്യാമിന്റെ അഭിപ്രായം. ടാക്‌സികള്‍ ലോക്കല്‍ ഓട്ടത്തിനായി ആരും തന്നെ തെരഞ്ഞെടുക്കാറില്ല. ടൂറിസ്റ്റുകളുടെ എയര്‍പോട്ട് ട്രിപ്പുകളുടെ എണ്ണം ഇക്കഴിഞ്ഞയാഴ്ച ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓണത്തിന് മുമ്പ് കാലാവസ്ഥ ശരിയായില്ലെങ്കില്‍ ടൂറിസം മേഖല പാടേ പ്രശ്‌നത്തിലാകുമെന്നാണ് ഇപ്പോഴുള്ള സൂചനകള്‍.

ഓണത്തിന് അവധിയുള്ളതിനാല്‍ തന്നെ കോമ്പോ/ ടൂര്‍ പാക്കേജുകള്‍ക്കായാണ് ബുക്കിംഗുകള്‍ അധികവും എത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇനി വരുന്നയാഴ്ച നിര്‍ണായകമാണ്. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.


Tags:    

Similar News