കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം; അഭിമാനകരമെന്ന് വ്യവസായ മന്ത്രി പി.രാജീവ്
കൊച്ചി മെട്രോയുടെ നൂതന പദ്ധതിയായ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെയുള്ള പ്രധാന പോയിന്റുകളെ ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തുന്ന മെട്രോ ബസുകള്‍ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമാകും. മെട്രോ ട്രെയിനിലെ സൗകര്യങ്ങളാണ് ബസുകളില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ സര്‍വീസ് കളമശേരിയില്‍ സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി സൗഹൃദമായ ബസുകളില്‍ 33 സീറ്റുകള്‍ വീതമാണുള്ളത്. മൊബെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള യു.എസ്.ബി പോര്‍ട്ട് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുണ്ട്.
കൊച്ചി മെട്രോ രാജ്യത്തിന്റെ അഭിമാനമെന്ന് മന്ത്രി പി രാജീവ്
കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി മാറിക്കഴിഞ്ഞതായി മന്ത്രി പി.രാജീവ് പറഞ്ഞു. പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക.. ഇത്തരം സേവന പദ്ധതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉല്‍പ്പാദനക്ഷമത കൂടും. മലീനീകരണം കുറയും. കാര്യക്ഷമത വര്‍ധിക്കും. അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത്. മന്ത്രി ചൂണ്ടിക്കാട്ടി.
മെട്രോയുടെ തുടക്കത്തില്‍ പാര്‍ക്കിംഗിനുള്ള സ്ഥലം വേണ്ടത്ര ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണ് ഇപ്പോള്‍ കണക്ടിവിറ്റി സംവിധാനത്തിന് കൊച്ചി മെട്രോ നേതൃത്വം നല്‍കുന്നത്. വാട്ടര്‍ മെട്രോ ഇപ്പോള്‍ ദേശീയതലത്തില്‍ തുടങ്ങാന്‍ പോവുകയാണ് എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 900 കോടിയുടെ ലോജിസ്റ്റിക് പാര്‍ക്ക് ഉള്‍പ്പടെയുള്ള പദ്ധതികള്‍ വരുന്നതോടെ കൊച്ചി വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇലക്ട്രിക് ബസുകളുടെ കണക്ടിവിറ്റി ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും. മെട്രോക്കും അത് ലഭാകരമാകും. മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ കെ.എന്‍ ഉണ്ണികൃഷ്ണന്‍, അന്‍വര്‍ സാദത്ത് കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ ജമാല്‍ മണക്കാടന്‍,കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, അഡീഷണണന്‍ ജനറല്‍ മാനേജര്‍( അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ഗോകുല്‍ ടി.ജി,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ ഇലക്ടിക് ബസില്‍ കളമശേരി മെട്രോ സ്‌റ്റേഷന്‍ വരെ യാത്ര ചെയ്തു.
സര്‍വീസ് വ്യാഴാഴ്ച മുതല്‍
വ്യാഴാഴ്ച രാവിലെ മുതല്‍ ആലുവ എയര്‍പോര്‍ട്ട് റൂട്ടിലും കളമശേരി റൂട്ടിലും സര്‍വ്വീസ് ലഭ്യമാകും. തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സര്‍വ്വീസ് ആരംഭിക്കും. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട്, വാട്ടര്‍മെട്രോ,ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കലക്ട്‌റേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുന്നത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്.
കളമശേരി മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. കാക്കനാട് വാട്ടര്‍ മെട്രോ കിന്‍ഫ്രാ ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വ്വീസ് ഉണ്ടാകും. ഹൈക്കോര്‍ട്ട്എംജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയു കടവന്ത്ര കെ.പി വള്ളോന്‍ റോഡ് പനമ്പിള്ളി നഗര്‍ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് എഴ് മണിവരെയും സര്‍വ്വീസ് ഉണ്ടാകും.
ബസിന്റെ ചാര്‍ജിംഗ്, ഓപ്പറേഷണല്‍ ഷെഡ്യൂളിംഗ് സാങ്കേതിക സഹായം എന്നിവ ജിഐസി ആണ് നല്‍കുന്നത്. ടിക്കറ്റിംഗ് സൊലൂഷന്‍ സേവനം ആക്‌സിസ് ബാങ്ക്, ഗ്രാന്‍ഡ് ലേഡി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നല്‍കുന്നു. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് എന്നിവ വഴിയും ടിക്കറ്റെടുക്കാം.