പൊന്നാനിയില്‍ ബീച്ച് ടൂറിസം പദ്ധതി; ആദ്യഘട്ടത്തില്‍ പാര്‍ക്കും കഫ്റ്റീരിയകളും

ലൈറ്റ് ഹൗസിനോട് ചേര്‍ന്ന് സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങൾ ഒരുക്കും

Update:2024-11-26 14:35 IST

Image/dtpcmalappuram.com

പൊന്നാനിയില്‍ ബീച്ച് ടൂറിസം വികസനത്തിനായി മാരിടൈം ബോര്‍ഡ് പദ്ധതി തയ്യാറാക്കുന്നു. കോഴിക്കോട് ബീച്ചില്‍ നടപ്പാക്കുന്ന ബീച്ച് ടൂറിസം പദ്ധതിയുടെ മാതൃകയിലാണ് പൊന്നാനിയിലും ടൂറിസ്റ്റുകള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നത്. തദ്ദേശീയരായ വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ബീച്ചാണ് പൊന്നാനിയിലേത്. നഗരത്തോട് ചേര്‍ന്ന് കര്‍മ റോഡ് നിര്‍മിച്ചതിന് ശേഷം പൊന്നാനിയിലേക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പ്രകൃതി രമണീയമായ കാഴ്ചകളുള്ള കര്‍മ റോഡില്‍  ഒട്ടേറെ കഫ്റ്റീരിയകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചും കര്‍മ റോഡും ചേര്‍ന്നുള്ള ടൂറിസം മേഖല ഇപ്പോള്‍ പൊന്നാനിയിലേക്ക് അയല്‍ ജില്ലകളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വാരാന്ത്യങ്ങളിലും വിശേഷദിവസങ്ങളില്‍ വന്‍ തിരക്കാണിവിടെ.

കുട്ടികളുടെ പാര്‍ക്ക്, കഫ്റ്റീരിയകള്‍

മൂന്നു ഘട്ടങ്ങളിലായാണ് ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്ക്, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട്, കഫ്റ്റീരിയകള്‍ എന്നിവയാണ് തുടങ്ങുന്നത്. തുറമുഖത്തിനായി നിശ്ചയിച്ച സ്ഥലം ഒഴിവാക്കി, ലൈറ്റ് ഹൗസ് മുതല്‍ മീന്‍ ചാപ്പ വരെയുള്ള സ്ഥലമാണ് ബീച്ച് ടൂറിസത്തിനായി തെരഞ്ഞെടുക്കുന്നത്. ലൈറ്റ് ഹൗസിനോട് ചേര്‍ന്നാണ് സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കുക. തുറമുഖ വകുപ്പിന്റെ അധിനതയിലുള്ള സ്ഥലമാണ് പൂര്‍ണമായും ഉപയോഗിക്കുക. എം.എല്‍.എ ഫണ്ട് ഇതിനായി ഉപയോഗിക്കും. പദ്ധതിയുടെ രൂപരേഖ മാരിടൈം ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. വിദഗ്ധ  സംഘം അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കും.

Tags:    

Similar News