റോഡ് റെഡി, ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാന്‍ പോകാം

വളവുകള്‍ താണ്ടി കൂന്നിന്‍നെറുകയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത് ഒരു ആകാശയാത്രയുടെ ത്രില്ലാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ വന്നു പോകുന്നത്. കഴിഞ്ഞ സീസണില്‍ ഒന്നര ലക്ഷത്തോളം പേര്‍ എത്തിയെന്നാണ് വനം വകുപ്പിന്റെ കണക്ക്.

Update: 2022-12-16 08:02 GMT

https://www.keralatourism.org/

പൊന്‍മുടിയുടെ മഞ്ഞിറക്കം കാണാന്‍ മാസങ്ങള്‍ക്കു ശേഷം വീണ്ടും അവസരമൊരുങ്ങുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിലേക്ക് രവരും ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് എത്താം. പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ പൊന്മുടിയിലേക്ക് യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. ആദ്യം ഇവിടെ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണി നടത്തവേ രണ്ടാമതും മണ്ണിടിയുകയായിരുന്നു. അതോടെ പൊന്മുടി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. നിയന്ത്രണങ്ങളോടെ റോഡ് തുറക്കാമെന്ന കെ.എസ്.ടി.പിയുടെ നിര്‍ദേശം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പ്രകാരം പൊന്‍മുടി റോഡ് സഞ്ചാരികള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചത്.
മഞ്ഞുകാലം തുടങ്ങിയതോടെ പൊന്മുടിയില്‍ സുഖശീതളമായ കാലാവസ്ഥയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന പൊന്മുടിയുടെ വൃശ്ചികക്കുളിര്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി ധൈര്യമായി പൊന്മുടിയിലേക്കെത്താം.
പൊന്‍മുടി ട്രിപ്പ് മനം നിറയ്ക്കും
മഞ്ഞിറക്കവും തണുപ്പും അനുഭവപ്പെടുന്ന ഡിസംബറിലാണ് പൊന്‍മുടിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റര്‍ ദൂരത്തിലാണു മഞ്ഞിന്റെ തലപ്പാവണിഞ്ഞ പൊന്മുടി. നഗരത്തിന്റെ തിരക്കില്‍ നിന്നു കുറച്ചു ദൂരം പിന്നിടുമ്പോള്‍ വിതുര ടൗണ്‍. ഇവിടെ നിന്നു വലത്തോട്ടു പോയാല്‍ പേപ്പാറ ഡാം.
53 കിലോമീറ്റര്‍ ചുറ്റളവില്‍ പച്ചപ്പിന്റെ കാഴ്ചകളൊരുക്കുന്ന വന്യജീവി സങ്കേതം. ാഴ്വാന്തോള്‍ വെള്ളച്ചാട്ടവും കടന്ന് പൊന്മുടിയിലേക്കുള്ള പ്രവേശനകവാടമായ സുവര്‍ണ താഴ്വര(ഗോള്‍ഡന്‍ വാലി)യില്‍ എത്താം. വന സുരക്ഷാസമിതി പ്രവര്‍ത്തകരുടെ അനുവാദത്തോടെ മാത്രം അകത്തേക്ക് പ്രവേശിക്കാം. 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടു വേണം പൊന്മുടിയിലെത്താന്‍.
വളവുകള്‍ താണ്ടി കൂന്നിന്‍നെറുകയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത് ഒരു ആകാശയാത്രയുടെ ത്രില്ലാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ വന്നു പോകുന്നത്. കഴിഞ്ഞ സീസണില്‍ ഒന്നര ലക്ഷത്തോളം പേര്‍ എത്തിയെന്നാണ് വനം വകുപ്പിന്റെ കണക്ക്.
നിമിഷനേരം കൊണ്ടു കണ്‍മുന്നില്‍ കവിതയെഴുതുന്ന കോടമഞ്ഞിന്റെ കാഴ്ചകളാണ് പൊന്മുടിയുടെ ഉയരത്തിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്. മൊട്ടക്കുന്നുകളെ തലോടി പുല്‍മേടുകളില്‍ തട്ടിത്തടഞ്ഞു കാറ്റിനൊപ്പം ഒഴുകി നീങ്ങുന്ന മഞ്ഞ്. അതിനിടയിലൂടെ ദൂരെ ചോലവനങ്ങള്‍ കാണാം. കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാം.


Tags:    

Similar News