ആഢംബര കപ്പലുകളില്‍ കണ്ണെറിഞ്ഞ് സൗദി; ചെങ്കടലില്‍ സ്വകാര്യ ദ്വീപ് നിര്‍മിക്കും
ആഗോള ക്രൂയിസ് സഞ്ചാരികളെ സൗദിയിലെത്തിക്കാന്‍ ശ്രമം
ആഢംബര കപ്പലുകള്‍ക്ക് ആതിഥ്യമരുളാന്‍ സൗദി അറേബ്യയില്‍ കൂറ്റന്‍ സ്വകാര്യ ദ്വീപ് ഒരുങ്ങുന്നു. വ്യാപാര നഗരമായ ജിദ്ദയില്‍ നിന്ന് 220 മൈല്‍ അകലെ ചെങ്കടലില്‍ ഈ ദ്വീപിന്റെ നിര്‍മാണം സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ക്രൂയിസ് സൗദിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. സൗദി അറേബ്യയെ ആഗോള ക്രൂയിസ് കപ്പലുകളുടെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഇതോടൊപ്പം സൗദി ഇന്‍വെസ്റ്റ് ഫണ്ടിന് കീഴില്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ആഢംബര കപ്പലും തയ്യാറായി വരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൂയിസ് കപ്പലുകള്‍ക്കായി 10 തുറമുഖങ്ങളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
ലക്ഷ്യം 13 ലക്ഷം ക്രൂയിസ് യാത്രക്കാര്‍
2035 ഓടെ പ്രതിവര്‍ഷം 13 ലക്ഷം ക്രൂയിസ് യാത്രക്കാരെ സൗദിയില്‍ എത്തുകയാണ് ലക്ഷ്യം. ഇതിനായി ചെങ്കടല്‍ വഴി നീങ്ങുന്ന കപ്പലുകളിലെ യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കും. ജിദ്ദക്കടുത്ത് നിര്‍മിക്കുന്ന സ്വകാര്യ ദ്വീപ് ആഢംബര കപ്പലുകൾക്ക് ഇടത്താവളമായി മാറും. കപ്പലുകള്‍ നങ്കൂരമിടാനുള്ള സൗകര്യം, ബോട്ട് ജെട്ടികള്‍, വെല്‍ക്കം സെന്ററുകള്‍, ഭക്ഷണ ശാലകള്‍, ബീച്ചുകളില്‍ സണ്‍ബെഡ്ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന രീതിയിലാണ് ദ്വീപിലെ ക്രമീകരണങ്ങള്‍ ആസുത്രണം ചെയ്യുന്നത്.
10 പുതിയ തുറമുഖങ്ങള്‍
ക്രൂയിസ് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി 10 പുതിയ തുറമുഖങ്ങളും സൗദി അറേബ്യ നിര്‍മിക്കും. നിലവില്‍ ജിദ്ദ, യാംബു, ദമാം എന്നിവിടങ്ങളിലാണ് ക്രൂയിസ് പോര്‍ട്ടുകള്‍ ഉള്ളത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടങ്ങളില്‍ ഒരുക്കും. സൗദി അറേബ്യയുടെ ഏറ്റവും വലിയ ആഢംബര കപ്പലായ 'അറോയ' അടുത്ത മാസം യാത്ര തുടങ്ങും. 335 മീറ്റര്‍ നീളമുള്ള കപ്പലില്‍ 1.678 കാബിനുകള്‍ ഉണ്ടാകും. 35.5 കോടി ഡോളറാണ് നിര്‍മാണ ചിലവ്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഇതിലുള്ളത്. ചെങ്കടലില്‍ ആയിരിക്കും പ്രധാന സഞ്ചാര മേഖല. വൈകാതെ രണ്ടാമതൊരു ക്രൂയിസ് കപ്പൽ കൂടി തയ്യാറാക്കുന്നുണ്ട്. ഇത് ദുബൈ ഉള്‍പ്പടെയുള്ള ജി.സി.സി മേഖലകളില്‍ കൂടി എത്തുന്നതായിരിക്കുമെന്നും ക്രൂയിസ് സൗദി സി.ഇ.ഒ ലാര്‍സ് ക്ലാസന്‍ വ്യക്തമാക്കി.