വീസ ഫീസ് ഒഴിവാക്കി, ടൂറിസ്റ്റ് വീസകള്‍ ഓണ്‍ലൈനില്‍; മാറ്റങ്ങളുമായി ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍

ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വിസ

Update:2024-09-30 11:22 IST

പ്രസിഡന്റ് അരുണ കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ വീസ ചട്ടങ്ങളിലും  മാറ്റങ്ങള്‍ കൊണ്ടു വരുന്നു. ടൂറിസ്റ്റ് വീസകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുനരാരംഭിക്കുന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതിനുള്ള 25 ഡോളര്‍ അപേക്ഷാഫീസ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഈ മാറ്റം സഹായകമാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, വീസ നല്‍കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ വിവാദ പുറംകരാര്‍ റദ്ദാക്കാനുള്ള ദിസനായകെ സര്‍ക്കാരിന്റെ തീരുമാനം ജനപ്രീതി വര്‍ധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.

ലക്ഷ്യം വിദേശ ടൂറിസ്റ്റുകള്‍

നാളെ മുതലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുന്നത്. ഇന്ത്യയുള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വീസ സംവിധാനം നിലവില്‍ വരും. ആറു മാസത്തേക്കാണ് പുതിയ ഇളവുകള്‍. വിദേശികള്‍ക്ക് ശ്രീലങ്കയുടെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കടല്‍ തീരങ്ങളും നേരില്‍ കണ്ട് ആസ്വദിക്കുന്നതിന് സര്‍ക്കാരിന്റെ പുതിയ നടപടികള്‍ സഹായിക്കുമെന്ന് ശ്രീലങ്ക ടൂറിസം വകുപ്പ് അഡ്വൈസർ  ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളെ രാജ്യത്തെ ടൂറിസം വ്യവസായ മേഖല സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലുള്ള ടൂറിസം സേവനദാതാക്കളും പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ടൂറുകള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും വര്‍ധിച്ചു.

വിവാദ കരാറിന് അന്ത്യം

വീസ അനുവദിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പുറംകരാര്‍ ഏറെ വിവാദമായിരുന്നു. വി.എസ്.എഫ് ഗ്ലോബലിന് നല്‍കിയ കരാര്‍ സുതാര്യമായിരുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. കരാറിനെ തുടര്‍ന്ന് വീസ അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നത് നിര്‍ത്തി. അപേക്ഷകരില്‍ നിന്ന് 25 ഡോളര്‍ വീതം ഫീസ് ഈടാക്കാനും തുടങ്ങിയിരുന്നു. ശ്രീലങ്ക സുപ്രീംകോടതി വിഷയത്തില്‍ ഇടപെടുകയും പഴയ സംവിധാനം  പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരൂമാനത്തോടെ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഇല്ലാതെ ടൂറിസ്റ്റ് വിസകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Tags:    

Similar News