കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കൊച്ചിയില്‍ വരുന്നു, വാട്ടര്‍ ടാക്‌സി; ജല ഗതാഗത വകുപ്പിന്റെ പദ്ധതി ഇങ്ങനെ
1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസൽ നിർമ്മിക്കുക
കൊച്ചിയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച ഗതാഗത സംവിധാനമാണ് വാട്ടര്‍മെട്രോ. കൊച്ചി വാട്ടര്‍മെട്രോയില്‍ കയറി കായല്‍ ഭംഗി ആസ്വദിക്കാന്‍ ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും ഒരു പോലെ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്.
ഡിസംബറോടെ അവതരിപ്പിച്ചേക്കും
ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്.ഡബ്ല്യു.ടി.ഡി). മൂന്ന് മാസത്തിനുള്ളിൽ എറണാകുളം കായല്‍ മേഖലയിൽ സ്പീഡ് കാറ്റമരൻ ബോട്ട് പുറത്തിറക്കാനാണ് പദ്ധതിയുളളത്.
എറണാകുളത്തെ പ്രകൃതിരമണീയമായ കായലിലൂടെ വാട്ടർ ടാക്‌സി വാടകയ്‌ക്കെടുത്ത് ക്രൂയിസ് നടത്താന്‍ ടൂറിസ്റ്റുകള്‍ക്ക് ഏറെ താല്‍പ്പര്യമായിരിക്കും എന്നാണ് അധികൃതര്‍ കരുതുന്നത്.
ആലപ്പുഴയിലും കണ്ണൂരിലും അവതരിപ്പിച്ച വാട്ടർ ടാക്‌സികൾ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് എറണാകുളത്തും വാട്ടർ ടാക്‌സി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഉദ്ദേശിക്കുന്ന വാടക നിരക്കുകള്‍
കൊച്ചി ആസ്ഥാനമായുള്ള നവഗതി മറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് വാട്ടർ ടാക്‌സികൾ നിര്‍മ്മിക്കുന്നത്. 1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസൽ നിർമ്മിക്കുന്നത്.
പ്രത്യേകം രൂപകല്പന ചെയ്ത വാട്ടര്‍ ടാക്സിയില്‍ 10 പേർക്ക് യാത്ര ചെയ്യാനും മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനും കഴിയും. ഒരു മണിക്കൂർ വാട്ടർ ടാക്‌സി വാടകയ്‌ക്കെടുക്കാൻ 1500 രൂപയും 15 മിനിറ്റ് യാത്രയ്‌ക്ക് 400 രൂപയും നിരക്ക് ഈടാക്കാനാണ് ആലോചിക്കുന്നത്.
വാട്ടർ ടാക്സി വാടകയ്ക്ക് എടുക്കുന്നവർക്ക് 15 മിനിറ്റ് അധിക യാത്ര സൗജന്യമായി നൽകാനും ഉദ്ദേശിക്കുന്നുണ്ട്.
2020 ഒക്ടോബർ 15 നാണ് ജലഗതാഗത വകുപ്പ് ആലപ്പുഴയിലെ മുഹമ്മയിൽ വാട്ടർ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുളള ആദ്യത്തെ സംരംഭമാണ് ഇത്. കൂടാതെ കണ്ണൂരിലെ പറശ്ശിനിക്കടവിലും രണ്ട് വാട്ടർ ടാക്‌സികള്‍ വിന്യസിച്ചിട്ടുണ്ട്.