വില്‍പ്പന കുറഞ്ഞതിനാല്‍ മാസം 12 ദിവസം പ്‌ളാന്റ് അടച്ചിടാന്‍ ലെയ്‌ലന്‍ഡ്
പ്രമുഖ ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്‌ലന്‍ഡിന്റെ നിര്‍മ്മാണ പ്ലാന്റുകള്‍ 'ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റ് ഡിമാന്‍ഡിന് അനുസൃതമായി ഉല്പാദനം ക്രമീകരിക്കാന്‍' എന്ന വിശദീകരണവുമായി ഈ മാസം 12 ദിവസത്തേക്ക് അടച്ചിടും. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.തുടര്‍ച്ചയായ ആറാം മാസമാണ് കമ്പനി നിശ്ചിത ദിവസത്തേക്ക് ഉല്പാദനം നിര്‍ത്തി വയ്ക്കുന്നത്.
വാഹനമേഖലയിലെ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് അശോക് ലെയ്‌ലന്‍ഡ് ഈ വര്‍ഷം ജൂലൈ മുതല്‍ ഉത്പാദനം കുറച്ചിരുന്നു. ജൂലൈ മാസവും ഒമ്പത് ദിവസത്തേക്ക് പാന്ത്നഗറിലെ പ്ലാന്റ് അടച്ചിട്ടു. ഓഗസ്റ്റ് മാസം 10 ദിവസം കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. സെപ്റ്റംബറില്‍ അഞ്ച് മുതല്‍ 18 വരെയും ഒക്ടോബറില്‍ രണ്ട് മുതല്‍ 15 ദിവസം വരെയും നവംബറില്‍ 12 ദിവസം വരെയും പ്രവര്‍ത്തനം മുടക്കി.
പണലഭ്യതയിലെ കുറവ്, ഭാരത് സ്റ്റേജ്-6 എമിഷന്‍ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് എന്നിവ വില്‍പ്പനയെ ബാധിച്ചു. 2019 നവംബറില്‍ കമ്പനിയുടെ വില്‍പ്പന 22 ശതമാനം ഇടിഞ്ഞ് 10,175 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,119 യൂണിറ്റ് വിറ്റിരുന്നു. മൊത്തം ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എം ആന്‍ഡ് എച്ച്‌സിവി) വില്‍പ്പന 36 ശതമാനം ഇടിഞ്ഞ് 5,321 യൂണിറ്റായി. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വില്‍പ്പന 4 ശതമാനം കുറഞ്ഞ് 4,209 യൂണിറ്റായി. ആഭ്യന്തര വില്‍പ്പനയില്‍ ഈ വര്‍ഷം 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരം കയറ്റാവുന്ന ട്രക്കുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
മീഡിയം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ ട്രക്കുകളുടെ ആഭ്യന്തര വില്‍പ്പന 2019 നവംബറില്‍ 54 ശതമാനം ഇടിഞ്ഞ് 3,676 യൂണിറ്റായി. 2018 നവംബറില്‍ 7,980 യൂണിറ്റുകള്‍ വിറ്റിരുന്നു. ആഭ്യന്തര ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വില്‍പ്പന 6 ശതമാനം ഇടിഞ്ഞ് 4,056 യൂണിറ്റായി. 2018 നവംബറിലെ 4,310 യൂണിറ്റുകളാണ് വിറ്റിരുന്നത്.
ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുള്ള അശോക് ലെയ്‌ലന്‍ഡിന് 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റില്‍ അശോക് ലെയ്‌ലന്‍ഡിന്റെ വില്‍പ്പന 11, 135 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 3,336 യൂണിറ്റുകളായി കുറഞ്ഞു. ഓഗസ്റ്റില്‍ ഇന്ത്യയിലെ നാല് പ്രധാന മീഡിയം ഹെവി ഡ്യൂട്ടി വാഹന നിര്‍മാതാക്കളുടെ മൊത്ത വില്‍പ്പനയില്‍ 59.50 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയുടെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ലെയ്‌ലാന്‍ഡ്, ടാറ്റ കമ്പനികളുടെ വില്‍പ്പനയിടിവിന്റെ ഞെട്ടലിലാണ് വാഹനലോകം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് ചരക്ക് നീക്ക സംവിധാനത്തില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്റെ സൂചനകളാണ് ട്രക്ക് വില്‍പ്പനയിലുണ്ടായ കുറവില്‍ പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മാസവും അശോക് ലെയ്ലാന്‍ഡ് ഉല്‍പാദനം വെട്ടിക്കുറച്ചു. നവംബറിലും 0-12 പ്രവൃത്തി രഹിത ദിവസങ്ങള്‍ വിവധ പ്ലാന്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്‌ലന്‍ഡിന്റെ അറ്റാദായത്തില്‍ 92.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ ലാഭം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 527.7 കോടി രൂപയായിരുന്നു കമ്പനി ലാഭമെങ്കില്‍ ഈ വര്‍ഷം വെറും 38.9 കോടി രൂപയാണ്. അതേസമയം ഡിസംബറിലും ഉല്പാദന ശാലകള്‍ അടച്ചിടുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി അശോക് ലെയ്‌ലന്‍ഡിന്റെ ഓഹരി വില താഴ്ന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline