വില വര്‍ധനവൊന്നും പ്രശ്‌നമല്ല; രാജ്യത്തെ വാഹന വില്‍പ്പന ഉയരുന്നു
അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഇടയ്ക്കിടെ വില വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമായി ബാധിക്കുന്നില്ല എന്ന സൂചനയാണ് വില്‍പ്പനയില്‍ ഉണ്ടായ വളര്‍ച്ച സൂചിപ്പിക്കുന്നത്. 2022 മെയില്‍ രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ ആഭ്യന്തര വിപണിയിലെ മൊത്ത വില്‍പ്പന ( ഫാക്ടറിയില്‍ നിന്ന് ഡീലര്‍മാരിലേക്ക് ) 2021 മെയ് മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് വര്‍ധിച്ചത്.
പാസഞ്ചര്‍ വാഹന വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കി വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 278 ശതമാനം വളര്‍ച്ച നേടി. മെയ് 2021ല്‍ 32,903 യൂണീറ്റുകളാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം മെയില്‍ അത് 1,24,474 യൂണീറ്റായി ഉയര്‍ന്നു. സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം മൂലം ഏകദേശം 3 ലക്ഷത്തിലധികം ഓഡറുകളാണ് കമ്പനി വിതരണം ചെയ്യാനുള്ളത്.
മെയ് മാസ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഹ്യൂണ്ടായി 69 ശതമാനം വളര്‍ച്ചയാണ് നേടിയത്. മുന്‍വര്‍ഷത്തെ 25,001 യൂണീറ്റുകളുടെ സ്ഥാനത്ത് 2022 മെയില്‍ 42,293 യൂണീറ്റുകളാണ് കമ്പനി വിറ്റത്. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്‌സ് വളര്‍ന്നത് 185 ശതമാനം ആണ്. 43,341 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി മെയ് മാസം ഷോറൂമുകളില്‍ എത്തിച്ചത്.
ഇരുചക്ര, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധനവ് ഉണ്ടായി. ഹീറോ മോട്ടോര്‍കോര്‍പ് 278 ശതമാനം വളര്‍ച്ചയോടെ 4,66,466 യൂണീറ്റ് വാഹനങ്ങളാണ് വിറ്റത്. കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പനയില്‍ ഒന്നാമതായ അശോക് ലൈലാന്‍ഡ് 355 ശതമാനം വളര്‍ച്ചയോടെ 12,458 യൂണീറ്റുകളുടെ വില്‍പ്പന നേടി.
ഈ വര്‍ഷത്തെ വില്‍പ്പനയെ 2021ലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസം കൊവിഡിനെ തുടര്‍ന്ന് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. അതേ സമയം തീപിടുത്ത വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കിംഗ് മുന്‍ മാസങ്ങളെ അപേക്ഷിച്ച് മെയില്‍ ഇടിഞ്ഞു. പ്രമുഖ ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളില്‍ ഏതര്‍ എനര്‍ജിക്ക് മാത്രമാണ് ബുക്കിംഗില്‍ നേരിയ വര്‍ധനവ് ഉണ്ടായത്.