ഉപഭോക്താക്കള്‍ ത്രിശങ്കുവില്‍, വാഹനവില്‍പ്പന ഗട്ടറില്‍

തന്റെ പഴയ ഹാച്ച്ബാക്ക് കാര്‍ ഒന്നുമാറ്റി ഒരു എസ്.യു.വി വാങ്ങാന്‍ ശ്രീകാന്ത് പദ്ധതിയിട്ടിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ശ്രീകാന്ത് ജോലി ചെയ്യുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഒരു അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് ഏതാനും മാസങ്ങളായി ശ്രുതിയുണ്ട്. ജോലി തെറിക്കാനുള്ള സാധ്യത കുറവാണെങ്കിലും മറ്റേതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റമോ ട്രാന്‍സ്ഫറോ ഉണ്ടാകാം. ഈ അനിശ്ചിതാവസ്ഥയില്‍ വാഹനമൊക്കെ വാങ്ങി പുതിയ ബാധ്യതകള്‍ എടുത്തുവെക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി ശ്രീകാന്ത്. വാഹനഡീലര്‍മാരോട് ചോദിച്ചാല്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. പണം കൊടുത്ത് വാഹനം ബുക്ക് ചെയ്തിട്ട് ബുക്കിംഗ് കാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണം ഏറെ കൂടിയിരിക്കുകയാണ് ഇപ്പോള്‍.
ഈ ട്രെന്‍ഡ് വാഹനവിപണിയെ കുറച്ചൊന്നുമല്ല പ്രശ്‌നത്തിലാക്കിയിരിക്കുന്നത്. വാഹനവില്‍പ്പനയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ റെക്കോര്‍ഡ് ഇടിവുണ്ടായിരിക്കുകയാണ്. രാജ്യത്തെ യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 17 ശതമാനമാണ് ഇടിവുണ്ടായത്. രാജ്യത്തെ ഒന്നാം സ്ഥാനത്തുള്ള വാഹനിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ 18.7 ശതമാനം ഇടിവുണ്ടായപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്ക് 10 ശതമാനം ഇടിവുണ്ട്. കയറ്റുമതിയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. സാധാരണ മാര്‍ച്ച് മാസത്തില്‍ വാഹനനിര്‍മാതാക്കള്‍ മികച്ച വില്‍പ്പന കാഴ്ചവെക്കാറുള്ളതാണെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചിലെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പല കമ്പനികള്‍ക്കും മോശമായിരുന്നു.
എന്തുകൊണ്ട് ഉപഭോക്താക്കള്‍ വാഹനവിപണിയില്‍ നിന്ന് അകലുന്നു?
പര്‍ച്ചേസിംഗ് പവര്‍ കുറയുന്നു
ജീവിതച്ചെലവുകള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രൊഫഷണലുകളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നില്ല. തൊഴില്‍ സ്ഥിരതയില്ല. സാമ്പത്തികമാന്ദ്യം വിവിധ ബിസിനസ് മേഖലകളെ പിടിച്ചുലച്ചിരിക്കുന്നു. ഓഹരിവിപണിയില്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംരംഭകരും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നു. മറ്റൊരു വിഭാഗമായ കര്‍ഷകരാകട്ടെ തീരാദുരിതത്തിലും. കാര്‍ഷികവിളകളില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ അവരുടെ ദൈനംദിന ചെലവുകള്‍ പോലും വഴിമുട്ടിയിരിക്കുന്ന സാഹചര്യം. ''പുതിയ വാഹനം വാങ്ങണമെന്ന് രണ്ട് വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു. അന്നത് നടന്നില്ല. എന്നാല്‍ ഇപ്പോള്‍ എങ്ങനെയെങ്കിലും മുന്നോട്ടുപോകുക എന്നല്ലാതെ പുതിയ വണ്ടി വാങ്ങുകയെന്നത് മനസിലേയില്ല.'' ഏറ്റുമാനൂരിലെ റബ്ബര്‍ കര്‍ഷകനായ പോളി വര്‍ഗീസ് പറയുന്നു.
തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നു
കഴിഞ്ഞ ഏപ്രിലില്‍ വാഹന വില്‍പ്പനയില്‍ റെക്കോഡ് കുറവുണ്ടായതിന്റെ ഒരു പ്രധാന കാരണം തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ എന്തായിരിക്കും എന്നതിന്റെ കാര്യത്തില്‍ വലിയൊരു ശതമാനം ഉപഭോക്താക്കള്‍ക്കും ആകാംക്ഷയുണ്ട്. അതുകൊണ്ടുതന്നെ കാത്തിരിക്കുകയാണ് അവര്‍. നല്ല മണ്‍സൂണ്‍ ലഭിക്കുകയും പുതിയ സര്‍ക്കാര്‍ വന്ന് അനിശ്ചിതത്വം മാറുകയും ചെയ്യുന്നതോടെ വിപണി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മാതാക്കള്‍. അടുത്ത വര്‍ഷം നല്ലതായിരിക്കുമെന്ന് തന്നെയുള്ള വിശ്വാസത്തിലാണിവര്‍.
ചെലവുകള്‍ കൂടിയത്
വാഹനം സ്വന്തമാക്കുന്നതിന്റെയും വാഹനത്തിന്റെ പരിപാലനത്തിന്റെയും ചെലവുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കുത്തനെ കൂടി. വാഹനങ്ങളുടെ വില കൂടി. ഇന്‍ഷുറന്‍സ് ചെലവുകള്‍ കൂടി. വാഹനത്തിന്റെ മൊത്തം ചെലവിന്റെ 10 ശതമാനത്തോളമാണ് ഇന്‍ഷുറന്‍സ് ചെലവ് സര്‍വീസിംഗിനുള്ള ചെലവുകളും വര്‍ധിച്ചു. ഇന്ധനവിലയാകട്ടെ കുതിച്ചുയര്‍ന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ കാര്‍ വാങ്ങാനുള്ള തീരുമാനം മാറ്റിവെക്കുന്നതിന് ഇതും ഒരു പ്രധാന കാരണം തന്നെ.
ഇലക്ട്രിക് കാറുകള്‍ വരട്ടെ
2020ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. സര്‍ക്കാരാകട്ടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ കൊണ്ടുവരുന്നു. ഡീസല്‍ കാറുകളെ നിരോധിക്കാന്‍ ഒരുങ്ങുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഒരു പെട്രോള്‍, ഡീസല്‍ കാര്‍ വാങ്ങുന്നത് ബുദ്ധിയാണോ എന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്കുണ്ട്. മാത്രവുമല്ല ഇപ്പോള്‍ തെരഞ്ഞെടുക്കാന്‍ ഇലക്ട്രിക് കാര്‍ മോഡലുകള്‍ കുറവാണ്. വിലയും കൂടുതല്‍. എന്നാല്‍ ഇവ വ്യാപകമാകുമ്പോള്‍ വില കുറയാനുള്ള സാധ്യത ഉപഭോക്താക്കള്‍ മുന്നില്‍ക്കാണുന്നുണ്ട്.
ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു
പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം നേരിയതാകുന്നു. ബിഎസ് നാല് മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതിന് മുന്നോടിയായി വിവിധ വാഹനനിര്‍മാതാക്കള്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മാണം അവസാനിപ്പിക്കുന്നു. 2020ഓടെ ഡീസല്‍ എന്‍ജിനുകളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് ഇന്ധനത്തിലോടുന്ന കാര്‍ വാങ്ങണമെന്നുള്ള സംശയം ഉപഭോക്താക്കള്‍ക്കുണ്ട്. ഇന്ധനവില കുതിച്ചുയര്‍ന്നതും പുതിയ വാഹനം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്നോട്ടുവലിക്കുന്നുണ്ട്.