വരുന്നു, ഇവികള്‍ക്കായൊരു സൂപ്പര്‍ ആപ്പ്

രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പന (Electric Vehicles) ത്വരിതപ്പെടുത്താന്‍ സൂപ്പര്‍ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷനും ലഭ്യതയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ആപ്പാണ് കേന്ദ്രം പുറത്തിറക്കുന്നത്. ഇതിന്റെ ഭാഗമായി കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (സിഇഎസ്എല്‍) സൂപ്പര്‍ ആപ്പിനായി സ്വകാര്യ മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയയിലാണ്.

അടുത്ത 4-6 ആഴ്ചയ്ക്കുള്ളില്‍ ആപ്പ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാര്‍ജറുകള്‍, ചാര്‍ജിംഗ് താരിഫുകള്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകുന്നതോടൊപ്പം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് അടുത്തുള്ള സ്റ്റേഷനുകളില്‍ റിസര്‍വ് ചെയ്യാനും ഇതിലൂടെ സാധ്യമാകും.
'പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെ, സ്വകാര്യ ചാര്‍ജിംഗ് പോയ്ന്റുകളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. യാത്രയ്ക്കിടെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യണമെങ്കില്‍, വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും അടുത്തുള്ള സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ ചെയ്യാനും കഴിയും'' സിഇഎസ്എല്‍ മാനേജിംഗ് ഡയറക്ടര്‍ മഹുവ ആചാര്യ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നിതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020-ല്‍ രാജ്യത്തുടനീളം ഏകദേശം 1,827 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇത് കൂടാതെ, 15,000-20,000 സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രാജ്യത്തുണ്ട്.



Related Articles

Next Story

Videos

Share it