വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് മഹീന്ദ്രയും മാരുതിയും ടാറ്റ മോട്ടോഴ്‌സും

കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ രംഗത്ത്. ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ മാരുതി സുസുക്കിയും പ്രാഥമിക തയ്യാറെടുപ്പിലാണ്.

രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അറിയിച്ചു.
വെന്റിലേറ്റര്‍ സാങ്കേതികവിദ്യയെ കുറിച്ച് മാരുതി സുസുക്കിയിലെ വിദഗ്ധര്‍ പഠിക്കുകയാണെന്ന് ഭാര്‍ഗവ പറഞ്ഞു. വാഹന നിര്‍മാതാക്കള്‍ക്ക് അനായാസം നിര്‍മിക്കാനാകുന്നതല്ല വെന്റിലേറ്ററുകള്‍. 'കാര്‍ നിര്‍മാതാക്കള്‍ക്ക് മെഡിക്കല്‍ ഇനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം ഇല്ല. അതിനാല്‍, അവ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്ന് രൂപകല്‍പ്പനയും മനുഷ്യശക്തിയും ഞങ്ങള്‍ക്ക് ആവശ്യമാണ്,' ഭാര്‍ഗവ പറഞ്ഞു.

വാഹന നിര്‍മ്മാണ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടച്ചിരിക്കുകയാണിപ്പോള്‍.ലോക്ക്ഡൗണിനിടയിലും സ്റ്റോക്ക് കെട്ടിക്കിടക്കുന്നുണ്ട് മിക്കവാറും എല്ലാ ഓട്ടോ കമ്പനികളിലും. വെന്റിലേറ്ററുകളുടെ രൂപകല്‍പ്പന ലളിതമാക്കാനുള്ള നീക്കം ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആരംഭിച്ചു കഴിഞ്ഞു.മഹീന്ദ്ര ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വെന്റിലേറ്റര്‍ കയറ്റുമതിക്കാരായ സ്‌കാന്റേ ടെക്‌നോളജീസുമായി ഇതു സംബന്ധിച്ച ചര്‍ച്ചയും നടത്തി. ടാറ്റാ ഗ്രൂപ്പ്, മൈസൂരു ആസ്ഥാനമായുള്ള ഒരു നിര്‍മ്മാതാവുമായും അവസാന വട്ട ചര്‍ച്ചയിലാണ്. പല രാജ്യങ്ങളിലും വാഹന നിര്‍മാതാക്കള്‍ ഇതിനോടകം വെന്റിലേറ്റര്‍ നിര്‍മ്മിച്ചു തുടങ്ങി. അമേരിക്കയില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജനറല്‍ മോട്ടോഴ്സും ടെസ്ലയും ഫോര്‍ഡുമാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഫെരാരി ഇറ്റലിയിലേക്കും വെന്റിലേറ്റര്‍ നിര്‍മിക്കുന്നുണ്ട്.

യൂറോപ്പില്‍ നിന്നുള്ള ഇറക്കുമതി ഇല്ലാതായതോടെ വിഷമത്തിലായ ഇന്ത്യക്ക് അടിയന്തിരമായി ലഭ്യത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ പഠനമനുസരിച്ച്, മെയ് 15 നകം ഇന്ത്യക്ക് 110,000-220,000 വെന്റിലേറ്ററുകള്‍ ആവശ്യമാകും.ഇന്ത്യയില്‍ ഇപ്പോള്‍ 40,000 വര്‍ക്കിംഗ് വെന്റിലേറ്ററുകള്‍ മാത്രമാണുള്ളത്. 5 ശതമാനം കോവിഡ് രോഗികള്‍ക്ക് തീവ്രപരിചരണം ആവശ്യമായിരിക്കവേ ഇതൊരു നിസ്സാര സംഖ്യയാണ്.

പങ്കാളിത്തം വേഗത്തില്‍ ഫലപ്രദമാക്കുന്നതിന്, വെന്റിലേറ്റര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഡിസൈന്‍ പേറ്റന്റുകള്‍ ഓട്ടോ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ സമ്മതിക്കണമെന്ന് ഹ്യൂണ്ടായിയിലെ ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു. ഡല്‍ഹി ആസ്ഥാനമായുള്ള ഹെല്‍ത്ത്-ടെക് കമ്പനിയായ അഗ്വ ഹെല്‍ത്ത് കെയര്‍ അടുത്ത മാസത്തോടെ 20,000 വെന്റിലേറ്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായുള്ള പ്രവര്‍ത്തനത്തിലാണ്. റോബോട്ടിക് വൈദഗ്ധ്യമുള്ള ഒരു യുവ എഞ്ചിനീയറും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു ഡോക്ടറും വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവിലുള്ള വെന്റിലേറ്ററാണിത്. വിപണിയില്‍ വ്യാപകമായി ലഭ്യമായ വേരിയന്റുകളുടെ വിലയുടെ ഏഴിലൊന്നേ ഇതിനുണ്ടാകൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it