ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ വില്‍ക്കില്ല: വലിയ തീരുമാനത്തിനൊരുങ്ങി ഗഡ്കരി

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ 36 കോടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇവയെ പൂര്‍ണമായും റോഡുകളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ബസുമെല്ലാം എത്തിയിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ധനയിനത്തില്‍ 100 രൂപ ചെലവാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശരാശരി നാല് രൂപ മാത്രമാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും 10 വര്‍ഷത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന പ്രസ്താവനയാണ് വാഹന ലോകത്ത് ചര്‍ച്ചയായത്.
ഇലക്ട്രിക്കിലും ബദല്‍ ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിതിന്‍ ഗഡ്കരിക്കുള്ളത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞുവെന്നും ഇനി ബദല്‍ ഇന്ധനങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും കാലമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 'ആത്മ നിര്‍ഭര്‍ ഭാരത്' എന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നം നടപ്പിലാകണമെങ്കില്‍ വിദേശത്ത് നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ച് ഇന്ത്യ സ്വയംപര്യാപ്തമാകണം. ഇതിനായി ചില വിട്ടുവീഴ്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ഗഡ്കരി പറയുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി കുറയ്ക്കാനുള്ള ആലോചനയിലാണ് ധനമന്ത്രാലയം. അങ്ങനെ വന്നാല്‍ ഇത്തരം വാഹനങ്ങളുടെ വിലയും ആനുപാതികമായി താഴും. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി ഇനത്തിലും കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ റെഡിയാണോ?
2021ല്‍ ആകെ വില്‍പ്പന നടത്തിയ വാഹനങ്ങളില്‍ കേവലം 1.75 ശതമാനം മാത്രമേ ഇലക്ട്രിക് വാഹനങ്ങളുണ്ടായിരുന്നുള്ളൂ. 2023ല്‍ 6.38 ശതമാനമായിരുന്നു. 2030ല്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റം ശരിയല്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇല്ക്ട്രിക് വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യ ഇതുവരെ പൂര്‍ണമായും തയ്യാറായിട്ടില്ല. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ കൂടുതലാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ വിലകുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി സ്വന്തമാക്കാന്‍ തരത്തിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. നിലവില്‍ രാജ്യത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചും വളറെ കുറവാണ്. അതിനനുസരിച്ച് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളും കുറവാണ്. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ ധാരാളം സമയം ചെലവഴിക്കേണ്ടതായി വരുന്നതായും ഇക്കൂട്ടര്‍ പറയുന്നു. പൂര്‍ണമായും ഇലക്ട്രിക് യുഗത്തിലേക്ക് മാറുന്നത് രാജ്യത്തിന്റെ പാരിസ്ഥിതിക്ക് ഗുണകരമാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

Related Articles

Next Story

Videos

Share it