ഇലക്ട്രിക് കാറുകള്‍ക്ക് ചൈനീസ് കമ്പനിയില്‍ നിന്നും ബാറ്ററി വാങ്ങാന്‍ ടാറ്റാ മോട്ടോര്‍സ്, പണിയാകുമോ?

ചൈനയിലെ പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ ഒക്ടീലിയന്‍ പവര്‍ സിസ്റ്റംസില്‍ (Octillion Power Systems) നിന്നും ഇലക്ട്രിക് യാത്രാ വാഹനങ്ങളുടെ ബാറ്ററി പാക്കുകള്‍ വാങ്ങാന്‍ ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിലെ കമ്പനിയായ ടാറ്റ ഓട്ടോകോമ്പ്‌സിസ്റ്റംസ് ലിമിറ്റഡില്‍ (Tata Autocompsystems Ltd.) നിന്നുമാത്രം ബാറ്ററി വാങ്ങുന്നത് നിറുത്താനും കമ്പനി തീരുമാനിച്ചതായാണ് വിവരം. പുതുതായി പുറത്തിറങ്ങുന്ന ടാറ്റ കര്‍വ് കൂപ്പെ എസ്.യു.വി മോഡലില്‍ ഒക്ടീലിയന്‍ കമ്പനിയുടെ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുമെന്നും ലൈവ് മിന്റിലെ റിപ്പോര്‍ട്ട് പറയുന്നു.
2020ല്‍ നെക്‌സോണ്‍ ഇവി പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് കമ്പനി ഇന്ത്യയ്ക്ക് പുറത്ത് നിന്നും ബാറ്ററികള്‍ വാങ്ങുന്നത്. ഇ.വി വിപണിയിലെ മത്സരം കടുത്തതോടെയാണ് പുതിയ തീരുമാനങ്ങളിലേക്ക് ടാറ്റ കടന്നത്. കമ്പനിയുടെ ചില മോഡലുകളിലെ ബാറ്ററിയുടെ പ്രകടനം മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പുതിയ സാങ്കേതിക വിദ്യകളും ബാറ്ററിയും എത്തുന്നതോടെ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ പരാതികള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് ബസില്‍ രണ്ടുവര്‍ഷമായി ഉപയോഗിക്കുന്നു

കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒക്ടിലിയോന്‍ കഴിഞ്ഞ വര്‍ഷം പൂനെയില്‍ രണ്ട് ജിഗാവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി നിര്‍മാണ കേന്ദ്രം സ്ഥാപിച്ചിരുന്നു. ടാറ്റ കര്‍വിലെ 45 കിലോവാട്ട് അവര്‍ ബാറ്ററിയാണ് ഒക്ടിലിയോണില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ വാഹനത്തിലെ 55 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പഴയത് പോലെ ടാറ്റ ഓട്ടോകോംപില്‍ നിന്ന് തന്നെ വാങ്ങും. ചൈനയിലെ ലിഥിയം-അയണ്‍ ബാറ്ററി രംഗത്തെ അതികായരായ ഗോഷന്‍ (Gotion) എന്ന കമ്പനിയുടെ സഹായത്തോടെയാണ് ടാറ്റ ഈ ബാറ്ററി പാക്ക് നിര്‍മിക്കുന്നത്. രണ്ട് വര്‍ഷങ്ങളായി ഒക്ടിലിയോന്‍ നല്‍കുന്ന ബാറ്ററിയാണ് ടാറ്റയുടെ സ്റ്റാര്‍ബസ് ഇ.വിയില്‍ ഉപയോഗിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ചൈനീസ് ബാറ്ററികള്‍ വാങ്ങുന്നത് പണിയാണോ?

ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുമ്പ് ആദ്യം മനസിലാക്കേണ്ടത് നിലവില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്നില്ലെന്ന കാര്യമാണ്. ചൈന പോലുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സെല്ലുകള്‍ തദ്ദേശീയമായി വികസിപ്പിച്ച ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് വാഹന നിര്‍മാതാക്കള്‍ ചെയ്യുന്നത്. തദ്ദേശീയമായി ബാറ്ററി പാക്കുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ രംഗത്ത് ചൈനീസ് കമ്പനികളുടെ സഹായം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രവുമല്ല വിദേശ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് ഇലക്ട്രിക് വാഹന രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വിലയിരുത്തലുണ്ട്.

Related Articles

Next Story

Videos

Share it