ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ ടെസ്‌ലയുടെ മോഡല്‍ വൈ

ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ എന്ന പട്ടം ഇനി പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ മോഡല്‍ വൈക്ക് (Tesla Model Y) സ്വന്തം. 2023 ജനുവരി-മാര്‍ച്ചില്‍ 2.67 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായാണ് ഈ നേട്ടം മോഡല്‍ വൈ സ്വന്തമാക്കിയതെന്ന് വിപണി നിരീക്ഷകരായ ജാറ്റോ ഡൈനാമിക്‌സ് വ്യക്തമാക്കി. 53 രാജ്യങ്ങളിലെ വില്‍പന കണക്കുകള്‍ പ്രകാരമാണ് ഈ കണക്ക്.

ആഗോള വാഹന വിപണിയുടെ ചരിത്രത്തില്‍ ഒരു ഇലക്ട്രിക് കാര്‍ വില്‍പനയില്‍ ഒന്നാമതെത്തുന്നത് ആദ്യമാണ്. 2.56 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ടൊയോട്ട കൊറോള രണ്ടാംസ്ഥാനത്തായി. അതേസമയം ഏറ്റവുമധികം വില്‍പനയുള്ള ആദ്യ 5 കാറുകളില്‍ നാലും ടൊയോട്ടയുടെ മോഡലുകളാണ്. കൊറോള രണ്ടാംസ്ഥാനം നേടിയപ്പോള്‍ ഹൈലക്‌സ്, ആര്‍.എ.വി4, കാംറി എന്നിവ യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലാണ്.
വില്‍പന പത്ത് ലക്ഷത്തിലേക്ക്
കഴിഞ്ഞ ഏതാനും മാസങ്ങളായി മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് മോഡല്‍ വൈ നേടുന്നത്. അമേരിക്കയ്ക്ക് പുറമേ യൂറോപ്പിലും ചൈനയിലും ഏറ്റവുമധികം വിറ്റഴിയുന്ന കാറുകളില്‍ മുന്നിലാണ് മോഡല്‍ വൈ. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2023ല്‍ മോഡല്‍ വൈയുടെ മൊത്തം വില്‍പന 10 ലക്ഷം കടക്കുമെന്നാണ് വിലയിരുത്തലുകള്‍. ലോകത്ത് ഇതിന് മുമ്പൊരു കാര്‍ 10 ലക്ഷത്തിലധികം വാര്‍ഷിക വില്‍പന നേടിയത് കൊറോളയാണ്: 2022ല്‍ 11.2 ലക്ഷം.
ടെസ്‌ല മോഡല്‍ വൈ
സമ്പൂര്‍ണ ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വിയാണ് ടെസ്‌ല മോഡല്‍ വൈ. 520 കിലോമീറ്ററാണ് റേഞ്ച്. 5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 248 കിലോമീറ്റർ.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 3.5 സെക്കന്‍ഡില്‍ കൈവരിക്കും. 47,490 ഡോളര്‍ മുതല്‍ 50,490 ഡോളര്‍ നിരക്കിലാണ് അമേരിക്കയില്‍ വിവിധ വേരിയന്റുകള്‍ക്ക് വില. അതായത് 39-45 ലക്ഷം രൂപ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it