Begin typing your search above and press return to search.
അമ്പമ്പോ.. ഇതെന്തൊരു സ്പീഡ്! റേഞ്ചും കിടിലന്‍; ടെസ്‌ലയുടെ 'പായുംപുലി' വിപണിയിലേക്ക്
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നായ അമേരിക്കന്‍ കമ്പനി ടെസ്‌ലയുടെ പുത്തന്‍ മോഡല്‍ 'റോഡ്‌സ്റ്റര്‍' 2025ഓടെ വിപണിയിലെത്തും. ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് (X/Twitter) ഇക്കാര്യം അറിയിച്ചത്.
2017ല്‍ പരിചയപ്പെടുത്തിയ മോഡലായ റോഡ്‌സ്റ്റര്‍ നീണ്ട 7 വര്‍ഷത്തെ കാത്തിരിപ്പിന് ബ്രേക്കിട്ടാണ് വിപണിയിലേക്കെത്തുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വിതരണശൃംഖല നേരിട്ട തടസ്സങ്ങളും മറ്റുംമൂലം നിര്‍മ്മാണം വൈകുകയായിരുന്നു.
റോക്കറ്റ് കരുത്തില്‍ പറക്കുംതാരം
അതിവേഗമാണ് റോഡ്‌സ്റ്ററിന്റെ മുഖ്യ സവിശേഷത. 2017ല്‍ പരിചയപ്പെടുത്തിയ വേളയില്‍ അവകാശപ്പെട്ടിരുന്നത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം വെറും 1.9 സെക്കന്‍ഡില്‍ കൈവരിക്കുമെന്നായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അവകാശവാദം ഒരു സെക്കന്‍ഡ് പോലും ആവശ്യമില്ലെന്നാണ്.
വെറും 2.3 സെക്കന്‍ഡ് കൊണ്ട് 160 കിലോമീറ്റര്‍ വേഗവും കൈവരിക്കും. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായാനും റോഡ്‌സ്റ്ററിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മസ്‌കിന്റെ തന്നെ ബഹിരാകാശ റോക്കറ്റ്, സ്‌പേസ്‌ക്രാഫ്റ്റ് നിര്‍മ്മാണക്കമ്പനിയായ സ്‌പേസ്എക്‌സ് റോക്കറ്റുകളുടെ വേഗതയ്ക്ക് ഉപയോഗിക്കുന്ന ത്രസ്റ്റര്‍ പാക്കേജ് റോഡ്‌സ്റ്ററിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ നിങ്ങള്‍ക്ക് കാര്‍ എന്ന് വിളിക്കാമെങ്കിലും ഇതുപോലൊരു കാര്‍ വേറൊരിടത്തും ഒരിക്കലും ഉണ്ടാവില്ലെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
കിടിലന്‍ റേഞ്ച്
നിലവില്‍ ഏറ്റവും വേഗത്തില്‍ ചീറിപ്പായുന്ന കാര്‍ എന്ന റെക്കോഡ് റിമാക് നെവേറയ്ക്ക് (Rimac Nevera) സ്വന്തമാണ്. 1.95 സെക്കന്‍ഡാണ് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ നെവേറ എടുക്കുന്ന സമയം. ഈ റെക്കോഡ് സ്വന്തം പേരിലാക്കാനാണ് ടെസ്‌ലയുടെ റോഡ്‌സ്റ്റര്‍ ഒരുങ്ങുന്നത്. 621 മൈല്‍ റേഞ്ചും റോഡ്‌സ്റ്റര്‍ അവകാശപ്പെടുന്നു. അതായത്, ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ ഏകദേശം ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യാം.
4 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറാണിത്. ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം നല്‍കിയിരിക്കുന്നു. 50,000 ഡോളര്‍ (ഏകദേശം 41.50 ലക്ഷം രൂപ) നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാമെന്ന് ടെസ്‌ല വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos