ഊബര്‍ ഇന്ത്യ പൂര്‍ണ്ണമായും ഇ.വികളിലേക്ക്; യാത്രയ്ക്ക് ഇനി വൈദ്യുത കാറുകള്‍ തിരഞ്ഞെടുക്കാം

2040ഓടെ പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി ഊബര്‍ ഇന്ത്യ ജൂണില്‍ 'ഊബര്‍ ഗ്രീന്‍' (Uber Green) സേവനം ആരംഭിക്കും. ഊബര്‍ ഗ്രീന്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ യാത്രകള്‍ ബുക്ക് ചെയ്യുമ്പോള്‍ വൈദ്യുത കാര്‍ തിരഞ്ഞെടുക്കാം. പ്രാരംഭ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. പിന്നീട് ഇത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ സംരംഭത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ 25,000 വൈദ്യുത കാറുകളും 10,000 വൈദ്യുത ഇരുചക്രവാഹനങ്ങളും കമ്പനി വിന്യസിക്കും.

കൈകോര്‍ത്ത് ടാറ്റ മോട്ടോഴ്സ്

ആഭ്യന്തര കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഈ വര്‍ഷം ആദ്യം ഊബര്‍ ഇന്ത്യയുമായി ധാരണാപത്രം (Memorandum of understanding-MoU) ഒപ്പുവെച്ചിരുന്നു. ഇത് പ്രകാരം ഏകദേശം 25,000 എക്‌സ്പ്രസ് (XPRES) -ടാറ്റ മോട്ടോര്‍ ഇ.വികള്‍ ഊബറിന്റെ പ്രീമിയം വിഭാഗത്തിലേക്ക് അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത്തരത്തില്‍ ഡല്‍ഹി-എന്‍.സി.ആര്‍, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വൈദ്യുത വാഹനങ്ങള്‍ എത്തിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഊബറിനെ സഹായിക്കുമെന്ന് ഊബര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

വിവിധ കമ്പനികളുമായി പങ്കാളിത്തം

ലിഥിയം അര്‍ബന്‍ ടെക്‌നോളജീസ്, എവറസ്റ്റ് ഫ്‌ലീറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മൂവ് എന്നിവയുമായുള്ള പങ്കാളിത്തം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് ഊബറിനെ സഹായിക്കും. 2024 ഓടെ ഡല്‍ഹിയില്‍ 10,000 വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്കായി സിപ് ഇലക്ട്രിക് (Zypp Electric) എന്ന കമ്പനിയുമായി ഊബര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

വൈദ്യുത വാഹനങ്ങള്‍ക്കായുള്ള 1,000 കോടി രൂപയുടെ ധനസഹായത്തിനായി സിഡ്ബിയുമായുള്ള (Small Industries Development Bank of India-SIDBI ) പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഊബര്‍ വൈദ്യുത വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യുന്നതിനായി ജിയോ-ബി.പി, ജി.എം.ആര്‍ ഗ്രീന്‍ എനര്‍ജി എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഊബര്‍ ഗ്രീന്‍ നിലവില്‍ 15 രാജ്യങ്ങളിലായി 100 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോളതലത്തില്‍ 70 രാജ്യങ്ങളിലായി 10,000 നഗരങ്ങളില്‍ ഊബറിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയില്‍, 125 നഗരങ്ങളില്‍ ഊബര്‍ സേവനം ലഭ്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it