സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധനവ്

സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 61 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനവും തൊട്ടു മുന്‍പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് 42 ശതമാനവും വര്‍ധനവാണിത്. സ്വര്‍ണം ഒഴികെ ഒരു ദിവസമെങ്കിലും കുടിശികയുള്ള സമ്മര്‍ദ്ദ ആസ്തികള്‍ക്കായി 25 ശതമാനം മാറ്റി വെച്ചതിനു ശേഷമാണിത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39 ശതമാനം വര്‍ധനവോടെ 179.78 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 45 ശതമാനം വര്‍ധിച്ച് 267.75 കോടി രൂപയിലും പലിശ ഇതര വരുമാനം മൂന്നു ശതമാനം വര്‍ധിച്ച് 76.28 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 3.21 ശതമാനമാണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും സ്വര്‍ണ പണയം ഒഴികെയുള്ള മേഖലകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായി.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ കോവിഡ് രണ്ടാം തരംഗവുമെത്തിയപ്പോള്‍ സ്വര്‍ണ പണയ വായ്പകളുടെ കാര്യത്തില്‍ ചില വെല്ലുവിളികള്‍ ഉയര്‍ന്നതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ സി വിആര്‍ രാജേന്ദ്രന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ മാറുകയും തിരിച്ചു പിടിക്കലുകള്‍ പൂര്‍ണ തോതില്‍ നടക്കുകയും ചെയ്യുന്നുണ്ട്. വാക്‌സിനേഷന്‍ പുരോഗമിക്കുന്നത് അടക്കമുള്ള സാഹചര്യത്തില്‍ നടപ്പു ത്രൈമാസത്തില്‍ വിപുലമായ ബിസിനസവസരങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സ്വര്‍ണ പണയം ബാങ്കിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it