ഐ.പി.ഒ: സെബിക്ക് വീണ്ടും അപേക്ഷ നല്‍കി ഇസാഫ്; ലക്ഷ്യം 629 കോടി

തൃശൂര്‍ ആസ്ഥാനമായ 'ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്' പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐ.പി.ഒ.) 629 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള അപേക്ഷ (ഡി.ആര്‍.എച്ച്പി/DRHP) ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക്‌ (Securities and Exchange Board of India /SEBI)സമർപ്പിച്ചു.

629 കോടി രൂപയിൽ 486.74 കോടി രൂപ പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്/OFS) - പ്രൊമോട്ടർമാരുടെയും നിലവിലുള്ള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 142.30 കോടി രൂപ സമാഹരിക്കുക. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ 119.26 കോടി രൂപയുടെ ഓഹരികൾ, പി.എൻ.ബി. മെറ്റ്ലൈഫിന്റെ 12.67 കോടി രൂപയുടെ ഓഹരികൾ, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കൈവശമുള്ള 10.37 കോടി രൂപയുടെ ഓഹരികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൂലധന ആവശ്യങ്ങൾക്കായി
ബുക്ക്‌ ബിൽഡിംഗ്‌ രീതിയിൽ നടത്തുന്ന ഐ.പി.ഒയിൽ 50 ശതമാനത്തിൽ അധികം ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായും 15% നോൺ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായും 35 ശതമാനത്തോളം ചെറുകിട നിക്ഷേപകർക്കായും (റീട്ടെയില്‍ നിക്ഷേപകര്‍) നീക്കിവെച്ചിട്ടുണ്ട്.
ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 97.33 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്. ഇത് സാധ്യമായാൽ പുതിയ ഓഹരികളുടെ എണ്ണം കുറയ്ക്കും.
ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങൾ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുക.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ് എന്നിവരാണ് ലീഡ് ബാങ്ക് മാനേജർമാർ.
മൂന്നാം തവണ
ഇത് മൂന്നാം തവണയാണ് ഇസാഫ് ബാങ്ക് അപേക്ഷ സമർപ്പിക്കുന്നത്. 2021 ജൂണിലും 2020 ജനുവരിയിലും ആണ് ഇതിനു മുൻപ് കരടു രേഖ സമർപ്പിച്ചത്.
കോവിഡ് പ്രതിസന്ധി, ഓഹരിവിപണിയിലെ തകർച്ച, അക്കാലയളവിൽ നടന്ന ഐ.പി.ഒ കൾക്ക് ലഭിച്ച മോശം പ്രതികരണം എന്നിങ്ങനെ സാഹചര്യം അനുകൂലമല്ലാത്തതായിരുന്നു അന്ന് തിരിച്ചടിയായത്.
മൈക്രോഫിനാൻസിൽ തുടക്കം
തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ 1992ൽ കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ മൈക്രോഫിനാൻസ് സംരംഭമായി തുടങ്ങിയ ഇസാഫ് 2017 മാർച്ചിലാണ് സ്മോൾ ഫിനാൻസ് ബാങ്കായി മാറിയത്.
നിലവിൽ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 700 ശാഖകളും 743 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 20 ബിസിനസ് കറസ്പോണ്ടന്റുമാരും 2,023 ബാങ്കിംഗ് ഏജന്റുമാരും 481 ബിസിനസ് ഫെസിലിറ്റേറ്റർമാരും 528 എ. ടി.എമ്മുകളുമുണ്ട്. 68.3 ലക്ഷമാണ് ഇടപാടുകാരുടെ എണ്ണം.
സൂക്ഷ്മ വായ്പകൾ, സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായ്പകൾ, കോർപ്പറേറ്റ് വായ്പകൾ, കാർഷിക വായ്പകൾ എന്നിവ നല്‍കുന്ന ബാങ്കിന്റെ 2023 മാർച്ചിലെ കണക്കനുസരിച്ച് മൊത്തം ബിസിനസ് 30,996.89 കോടി രൂപയാണ്. വായ്പകൾ 14,118.13 കോടി രൂപയും മൊത്തം നിക്ഷേപം 14,665.63 കോടി രൂപയും. ബാങ്ക് കൈകാര്യം ചെയ്യുന്ന ആസ്തി 16,331.27 കോടി രൂപയാണ്.
ബാങ്കിന്റെ മൊത്തം വായ്പകളുടെ 62.84 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ബാങ്കിന്റെ 71% ഔട്ട്ലെറ്റുകളും ഗ്രാമീണ മേഖലയിൽ തന്നെ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it