ഫെഡറല്‍ ബാങ്ക്: സി. ബാലഗോപാല്‍ വിരമിച്ചു; എ.പി. ഹോതാ പുതിയ ചെയര്‍മാന്‍

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ (Federal Bank) പാര്‍ട്ട് ടൈം ചെയര്‍മാനായി (Part time Chairman) എ.പി. ഹോതായുടെ (A.P. Hota) നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി.

ജൂണ്‍ 29 മുതല്‍ 2026 ജനുവരി 14 വരെയാണ് നിയമനമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി. നിലവിലെ ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ സി. ബാലഗോപാല്‍ ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് അഭയ് പ്രസാദ് ഹോതാ എന്ന എ.പി. ഹോതായുടെ നിയമനം. 2018 ജനുവരി 15 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് എ.പി.
ഹോതാ.
ബാങ്കിംഗ് മേഖലയില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുള്ള ഹോതാ ടെക്‌നോളജി ആന്‍ഡ് പേയ്‌മെന്റ് സിസ്റ്റംസ് രംഗത്തെ വിദഗ്ദ്ധനാണ്. റിസര്‍വ് ബാങ്കിന്റെ നോമിനിയായി വിജയബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്‍.പി.സി.ഐയെ (നാഷണൽ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ) കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം, 2009 മുതല്‍ 2017 വരെ എന്‍.പി.സി.ഐ മാനേജിഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്നു. ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസസ്).,
റൂപേ എന്നിവയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളുമാണ്. റൂപേ അവതരിപ്പിക്കുന്നതിലെ മികവിന് രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയില്‍ നിന്ന് അദ്ദേഹത്തിന് പുരസ്‌കാരവും ലഭിച്ചിരുന്നു.
സംഭാല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഹോതാ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫൈനാന്‍സില്‍ ഓണററി ഫെലോയുമാണ്.

ബാലഗോപാല്‍ പടിയിറങ്ങി

2021 നവംബര്‍ 22നാണ് സി. ബാലഗോപാല്‍ ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. കൊല്ലം സ്വദേശിയായ ബാലഗോപാല്‍, മദ്രാസ് ലയോള കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1977ല്‍ ഐ.എ.എസും സ്വന്തമാക്കിയിരുന്നു.

1983ല്‍ ജോലി രാജിവച്ച് സംരംഭക ലോകത്തേക്ക് ചുവടുവച്ചു. പെനിന്‍സുല പോളിമേഴ്‌സ് കമ്പനിയുടെ സ്ഥാപക മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.

ഹര്‍ഷ് ദുഗര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ഹര്‍ഷ് ദുഗറിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2016ല്‍ ഫെഡറല്‍ ബാങ്കിലെത്തിയ ഹര്‍ഷ്, ഹോള്‍സെയില്‍ ബാങ്കിംഗ് ഗ്രൂപ്പ് പ്രസിഡന്റും കണ്‍ട്രി ഹെഡ്ഡുമായി പ്രവര്‍ത്തിക്കുകയായിരുന്നു.
Related Articles
Next Story
Videos
Share it