ഫെഡറല്‍ ബാങ്കും റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബും പങ്കാളിത്തത്തില്‍

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്‌സ്പ്രിന്റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതുവഴി അവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതു ലക്ഷ്യമിട്ടുള്ളതാണ് സ്വനാരി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്വനിര്‍ഭര്‍ നാരി പദ്ധതി.

സാമ്പത്തിക രംഗത്ത് സ്ത്രീകളേയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളേയും പിന്തുണയ്ക്കുന്നതിനും അവര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മികവുറ്റതും സര്‍ഗാത്മകവും സുസ്ഥിരവുമായ പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ടെക്‌നോളജി മേളയാണ് ടെക്ക്‌സ്പ്രിന്റ്. ഫിന്‍ടെക്ക് കമ്പനികള്‍, ധനകാര്യ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിഷയ വിദഗ്ധര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നൂതന പദ്ധതികള്‍ ആവിഷകരിക്കുന്നതാണ്. പ്രധാനമായും സ്ത്രീകളായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും. നിലവില്‍ പരിഹാരം കാണേണ്ട ഏഴു വിഷയങ്ങളാണ് മേളയില്‍ ചര്‍ച്ചയാകുക. പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാനുള്ള അവസരമുണ്ട്. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും വേണ്ടി
www.swanaritechsprint.in
എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

''സ്വനാരി പദ്ധതിയില്‍ റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബുമായി കൈകോര്‍ക്കുന്നതില്‍ ബാങ്കിന് വലിയ അഭിമാനമാണുള്ളത്. അഞ്ചു ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു സമ്പദ് വ്യവസ്ഥയായി നമ്മുടെ രാജ്യത്തെ വളര്‍ത്താന്‍ സാമ്പത്തിക രംഗത്തെ സ്ത്രീശാക്തീകരണം വലിയ പങ്കുവഹിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഫിന്‍ടെക്ക് സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുപോലുള്ള പരിപാടികള്‍ മികച്ച വേദിയാണ് ഒരുക്കുന്നത്'- ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it