യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്ക് - മശ്രിഖ് ബാങ്ക് ധാരണ

ഫെഡറല്‍ ബാങ്കും യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മില്‍ തന്ത്രപ്രധാന സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോര്‍ത്തതോടെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നു. മശ്രിഖ് ബാങ്കിന്റെ അതിവേഗ പണയമക്കല്‍ സംവിധാനമായ ക്വിക്ക്‌റെമിറ്റ് വഴി ഫെഡറല്‍ ബാങ്ക് സഹകരണത്തോടെ ഉടനടി പണം ഇന്ത്യയിലെത്തിക്കാം. യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് യുറോപ്, യു.എസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 12 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. യുഎഇയിലെ ഏക സ്വകാര്യ ബാങ്ക് കൂടിയാണ് മശ്രിഖ്.

''മശ്രിഖ് ബാങ്കുമായുള്ള ഫെഡറല്‍ ബാങ്കിന്റെ പങ്കാളിത്തത്തിലൂടെ യു.എ.ഇയിലെ പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നിരിക്കുന്നു. ഇന്ത്യയിലെത്തുന്ന പ്രവാസി റെമിറ്റന്‍സിന്റെ 17 ശതമാനം കൈകാര്യം ചെയ്യുന്ന ബാങ്ക് എന്ന നിലയില്‍ ഫെഡറല്‍ ബാങ്ക് എല്ലായ്‌പ്പോഴും പ്രവാസികള്‍ക്ക് മികച്ച റെമിറ്റന്‍സ് സേവനം ഉറപ്പു വരുത്തുന്നുണ്ട്. സുരക്ഷിതമായ മാര്‍ഗത്തിലൂടെ അനായാസം ഉടനടി പണമയക്കല്‍ സാധ്യമാക്കുന്ന ഈ സേവനത്തിന്റെ ഗുണം തീര്‍ച്ചയായും പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുഭവിക്കാം,'' ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

പ്രവാസി റെമിറ്റന്‍സ് രംഗത്ത് ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഫെഡറല്‍ ബാങ്കിന് ഈ സേവനത്തിനു മാത്രമായി ആഗോള തലത്തില്‍ 90ഓളം ധനകാര്യ സ്ഥാപനങ്ങളുമായി സഹകരണമുണ്ട്. പുതിയ പങ്കാളിത്തത്തിലൂടെ മശ്രിഖ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണമയക്കലിന് ചെലവ് ചുരുക്കാനും വീട്ടിലിരുന്നോ ഓഫീസിലിരുന്നോ ഓണ്‍ലൈന്‍/ മൊബൈല്‍ ബാങ്കിങ് സംവിധാനം വഴി ഉടനടി പണമയക്കാനും കഴിയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it