എല്‍ഐസി ഐപിഒ; അറുപതോളം ആങ്കര്‍ നിക്ഷേപകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് കേന്ദ്രം
എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി (ഐപിഒ) ആങ്കര്‍ നിക്ഷേപകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക്ക്‌റോക്ക് സാന്‍ഡ്‌സ് ക്യാപിറ്റല്‍, ഫിഡെലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, ജെപി മോര്‍ഗന്‍ ഉള്‍പ്പടെയുള്ള അറുപതോളംപേരെയാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. അന്തിമ പട്ടികയിലുള്ള ആങ്കര്‍ നിക്ഷേപകരെ വൈകാതെ കേന്ദ്രം തീരുമാനിക്കും. ഇപ്പോള്‍ ഷോട്ട് ലിസ്റ്റ് ചെയ്തവരില്‍ 25 ശതമാനം നിക്ഷേപകരെയും ഒഴിവാക്കാനാണ് സാധ്യത.
ഐപിഒയുടെ പ്രൈസ് ബാന്‍ഡ് (ഓഹരി വില) തീരുമാനിക്കുന്നതില്‍ ആങ്കര്‍ നിക്ഷേപകരുടെ അഭിപ്രായവും പരിഗണിക്കും. നിലവിലെ വിപണി സാഹചര്യത്തില്‍ മൂല്യം പ്രതീക്ഷിച്ചതിലും കുറവായി ആവും കണക്കാക്കുക എന്നാണ് വിവരം.
കുറഞ്ഞ മൂല്യവും അതിന് ആനുപാതികമായ പ്രൈസ് ബാന്‍ഡും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും എന്നാണ് വിലയിരുത്തല്‍.ഏകദേശം 7 ട്രില്യണ്‍ രൂപയുടെ മൂല്യമാണ് (valuation) എല്‍ഐസിക്ക് കണക്കാക്കുന്നത്.
നേരത്തെ പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ red herring prospectus (ആര്‍എച്ച്പി) സമര്‍പ്പിക്കുന്നതോടെ മാത്രമേ വ്യക്തമാവുകയുള്ളു.
ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റിന്റെ (ഡിപാം) വിലയിരുത്തല്‍ പ്രകാരം ആര്‍എച്ച്പി സമര്‍പ്പിക്കാനും ഐപിഒ തിയതി പ്രഖ്യാപിക്കാനുമായി 10 ദിവസം സമയമെങ്കിലും എല്‍ഐസിക്ക് വേണ്ടിവരും.