യു.പി.ഐയില്‍ തട്ടിപ്പ് പെരുകുന്നു; കഴിഞ്ഞവര്‍ഷം 90,000ലേറെ കേസുകള്‍

യൂണിഫൈഡ് പേയ്‌മെന്റ്‌ ഇന്റര്‍ഫേസ് അഥവാ യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ അനുദിനം കൂടുകയാണ് ഇന്ത്യയില്‍. കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലും 800 കോടിയിലധികം യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്; ഈമാസങ്ങളില്‍ കൈമാറ്റം ചെയ്യപ്പെട്ടതാകട്ടെ 14 ലക്ഷം കോടിയിലധികം രൂപയും. ഇത് റെക്കോഡാണ്. 2022 ഏപ്രിലില്‍ 550 കോടിയോളമായിരുന്നു ഇടപാടുകള്‍; മൂല്യം 9 ലക്ഷം കോടിരൂപയും.

Also Read : സുരക്ഷിതം, ചെലവും കുറവ്: പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്

യു.പി.ഐക്ക് രാജ്യത്ത് എത്രമാത്രം സ്വീകാര്യതയുണ്ടെന്ന് ഈ വളര്‍ച്ചാക്കണക്കിൽ നിന്ന് വ്യക്തം. അതേസമയം, സ്വീകാര്യത കൂടുന്നതിനൊപ്പം യു.പി.ഐയില്‍ തട്ടിപ്പുകളും പെരുകുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 2020-21ലെ 77,000 കേസുകളില്‍ നിന്ന് 2021-22ല്‍ 84,000ലേക്കും കഴിഞ്ഞവര്‍ഷം 95,000ലേക്കും യു.പി.ഐ തട്ടിപ്പുകേസുകള്‍ ഉയര്‍ന്നുവെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്.

എങ്ങനെയാണ് തട്ടിപ്പുകള്‍?
നിങ്ങള്‍ക്ക് അപരിചിതമായ ഫോണ്‍ നമ്പറുകളില്‍ നിന്ന് പണമിടപാടുകള്‍ സംബന്ധിച്ച എസ്.എം.എസുകള്‍ ലഭിക്കാറുണ്ടോ? അത്തരം എസ്.എം.എസുകളിലെ ലിങ്കുകള്‍ തുറക്കുമ്പോള്‍ അത് നിങ്ങളുടെ ഫോണിലെ യു.പി.ഐ ആപ്പിലേക്കായിരിക്കും നിങ്ങളെയെത്തിക്കുക. അവിടെ ഓട്ടോ-ഡെബിറ്റ് (Auto Debit) ഓപ്ഷന്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടിലെ കാശ് ഉറപ്പായും നഷ്ടപ്പെടും.


അതായത്, ഇത്തരം സംശയകരമായ എസ്.എം.എസുകള്‍ പോലും നിങ്ങളുടെ പണം അപഹരിച്ചേക്കാം. ഇതുപോലെയുള്ള എസ്.എം.എസുകള്‍ ഒരിക്കലും തുറന്ന് വായിക്കാതിരിക്കുക; ഡിലീറ്റ് ചെയ്യുക. ബാങ്കുകളോ സര്‍ക്കാര്‍ ഏജന്‍സികളോ ഒരിക്കലും എസ്.എം.എസ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിക്കാറില്ലെന്ന് മനസില്ലാക്കുക.

റിവാര്‍ഡും കാഷ്ബാക്കും
ചില തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ കാഷ്ബാക്ക്, റിവാര്‍ഡ് ഓഫറുകളുടെ ലിങ്കുകള്‍ കണ്ട്, രണ്ടാമതൊന്ന് ആലോചിക്കാതെ അവയില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓഫറുകള്‍ പലതും തട്ടിപ്പായിരിക്കും. ലിങ്ക് തുറന്നാലുടന്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായേക്കാം.


ക്യു.ആര്‍ കോഡ് തട്ടിപ്പ്
ക്യു.ആര്‍ കോഡില്‍ തിരിമറി നടത്തി യു.പി.ഐ വഴി പണംതട്ടുന്ന സംഭവങ്ങളും നിരവധിയാണ്. അതായത്, പണം അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നതിന് പകരം തട്ടിപ്പുകാര്‍ കൊണ്ടുപോകുന്നു. കേരളത്തിലെ ഉള്‍പ്പെടെ കടകളിലും മറ്റും കാണുന്ന ക്യു.ആര്‍ കോഡുകളില്‍ ഇത്തരത്തില്‍ തിരിമറി നടത്തി പണം തട്ടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കുമ്പോള്‍ അത് നിങ്ങളുദ്ദേശിക്കുന്ന ആളുടെ തന്നെ ക്യു.ആര്‍ കോഡാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പണം കൈമാറുക. യു.പി.ഐ പിന്‍, ഒ.ടി.പി തുടങ്ങിയവ ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കാതിരിക്കുക. യു.പി.ഐ പിന്‍ ഇടയ്ക്കിടെ മാറ്റുന്നതും തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
Related Articles
Next Story
Videos
Share it