പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസവുമായി റിസര്‍വ് ബാങ്ക്

പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് ബാങ്കിന്റെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസവുമായി റിസര്‍വ് ബാങ്ക്. ബദല്‍ ക്രമീകരണങ്ങള്‍ക്കും പേയ്ടിഎം ബാങ്കിംഗ് സേവനങ്ങള്‍ക്കും വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയിലെ ഇടപാടുകള്‍ക്കുമുള്ള സമയപരിധി ഫെബ്രുവരി 29ല്‍ നിന്ന് നീട്ടി നല്‍കി. പുതുക്കിയ സമയപരിധി മാര്‍ച്ച് 15 വരെയാണ്.

ഫണ്ട് ട്രാന്‍സ്ഫറുകള്‍, ബില്‍ പേയ്മെന്റുകള്‍, യു.പി.ഐ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ പേയ്മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള സമയപരിധിയും മാര്‍ച്ച് 15 വരെ നീട്ടിയിട്ടുണ്ട്. അതേസമയം പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെയും പേയ്ടിഎം പേയ്മെന്റ്‌സ് സേവനങ്ങളുടെയും നോഡല്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനുള്ള സമയപരിധി ഫെബ്രുവരി 29ല്‍ തന്നെ നിലനിര്‍ത്തി.

നിലവില്‍ തടസ്സമില്ലാതെ വ്യാപാര പണമിടപാടുകള്‍ തുടരുന്നതിന് എസ്‌ക്രോ അക്കൗണ്ട് തുറന്ന് നോഡല്‍ അക്കൗണ്ട് ആക്‌സിസ് ബാങ്കിലേക്ക് മാറ്റിയതായി പേയ്ടിഎം അറിയിച്ചു. പ്രധാന ഇടപാട് നടത്തുന്ന കക്ഷികള്‍ക്കായി ഒരു മൂന്നാം കക്ഷി പണമോ സ്വത്തോ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു കരാര്‍ ക്രമീകരണമാണ് എസ്‌ക്രോ.

മാര്‍ച്ച് 15ന് ശേഷവും അക്കൗണ്ടിലും വാലറ്റിലും മിച്ചമുള്ള പണം പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, എന്‍.സി.എം.സി കാര്‍ഡ് ബാലന്‍സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പേയ്ടിഎം ക്യു.ആര്‍, സൗണ്ട്‌ബോക്‌സ് തുടങ്ങിയവ മാര്‍ച്ച് 15 ന് ശേഷവും പ്രവര്‍ത്തനം തുടരുമെന്ന് സൂചനയുണ്ട്. അതേ സമയം ഫാസ്ടാഗിലുള്‍പ്പെടെ റീചാര്‍ജ്, പോപ്പ് അപ്പ് സൗകര്യങ്ങള്‍ അനുവദിക്കില്ല.

Related Articles
Next Story
Videos
Share it