നിങ്ങളുടെ സാലറി അക്കൗണ്ട് പേയ്ടിഎം ബാങ്കിലാണോ? എന്നാല്‍ ഉടന്‍ മാറ്റിക്കോളൂ
നിങ്ങളുടെ സാലറി വരുന്നത് പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലാണോ. എങ്കില്‍ മാര്‍ച്ച് 15ന് മുമ്പ് മറ്റൊരു ബാങ്കിലേക്ക് സാലറി അക്കൗണ്ട് മാറ്റണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 2024 മാര്‍ച്ച് 15ന് ശേഷം പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്കിലെ അക്കൗണ്ടിലേക്ക് ഇത്തരം ക്രെഡിറ്റുകളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
2024 മാർച്ച് 15ന് ശേഷവും പേയ്ടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡികളോ നേരിട്ടുള്ള മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുമോ ഇല്ലയോ എന്ന സംശയവും ചില ഉപയോക്താക്കൾക്കുണ്ട്. മാർച്ച് 15ന് ശേഷം ഈ ബാങ്ക് അക്കൗണ്ടിലേക്ക് അത്തരം ക്രെഡിറ്റുകൾ ലഭിക്കില്ല. ഇവിടെയും അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റുകയാണ് വേണ്ടത്. റിസർവ് ബാങ്ക് പുറത്തുവിട്ട പരസ്യത്തിലാണ് ഈ കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതും ഉള്‍പ്പെടെ പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെയ്ക്കുന്നതായി ജനുവരി 31ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സ്വീകരിക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് മാര്‍ച്ച് 15 വരെ നീട്ടി നല്‍കുകയായിരുന്നു.
പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ഉപയോക്താക്കള്‍ വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്. നിലവില്‍ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ചില ഇടപാടുകളില്‍ പങ്കാളിയായി ആക്സിസ് ബാങ്കുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും നിലവിലെ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുമാണ് കരാര്‍.