ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍: സി ബാലഗോപാലിന് പുതിയ നിയോഗം

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് കേരളത്തിന്റെ അഭിമാനമായ ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാന്‍ പദവിയില്‍ ഇനി സി. ബാലഗോപാല്‍. ബാങ്കിന്റെ ഡയറക്റ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്ന് സംരംഭകനാകാന്‍ ഇറങ്ങി തിരിച്ച അപൂര്‍വ്വ യാത്രയാണ് സി. ബാലഗോപാലിന്റേത്. ലോറന്‍സ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി മദ്രാസ് ലൊയോള കോളെജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം നേടിയ സി. ബാലഗോപാല്‍ 1977ലാണ് ഐ എ എസില്‍ പ്രവേശിച്ചത്. മണിപ്പൂരിലും കേരളത്തിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1983ന്റെ മധ്യത്തില്‍ ജോലി രാജിവെച്ച് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി ഇന്ത്യയിലെ തന്നെ ആദ്യ അത്യാധുനിക ബയോമെഡിക്കല്‍ കമ്പനിക്ക് തുടക്കമിട്ടു.

പെനിന്‍സുല പോളിമേഴ്‌സ് ലിമിറ്റഡ്, പെന്‍പോള്‍ എന്ന് ഏറെ അറിയപ്പെടുന്ന കമ്പനിയുടെ സ്ഥാപക മാനേജിംഗ് ഡയറക്റ്ററാണ് ബാലഗോപാല്‍. ടെറുമോ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഇന്ന് ടെറുമോ പെന്‍പോള്‍ ലിമിറ്റഡായി മാറിയ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മാതാക്കളില്‍ ഒന്നാണ്. ഇന്ന് 50ലേറെ രാജ്യങ്ങളിലേക്ക് ടിപിഎല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നു.

ടിപിഎല്ലിലെ മുഴുവന്‍ ഓഹരികളും ടെറുമോ കോര്‍പ്പറേഷന് വിറ്റൊഴിഞ്ഞ് ബിസിനസ് രംഗത്ത് നിന്ന് ചുവടുമാറ്റിയ സി. ബാലഗോപാല്‍ എഴുത്തുകാരന്‍, മെന്റര്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റര്‍ എന്നീ നിലകളിലെല്ലാം ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നു.

സി.ബാലഗോപാലിന്റെ മൂന്ന് പുസ്തകങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതൊടൊപ്പം സാമൂഹ്യ സേവന രംഗത്തും സജീവമാണ്. പ്രൈമറി സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ പരിരക്ഷ, ഗ്രാമീണരുടെ ഉപജീവനമാര്‍ഗം എന്നീ രംഗങ്ങളില്‍ ഇടപെടല്‍ നടത്താനായി അനഹ എന്ന പേരില്‍ ഒരു ട്രസ്റ്റും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.


Related Articles
Next Story
Videos
Share it