Begin typing your search above and press return to search.
കേരളത്തിലെ ഒരു ബാങ്കിനും എന്‍.ബി.എഫ്.സിക്കും റിസര്‍വ് ബാങ്കിന്റെ പിഴ
കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കും കൊശമറ്റം ഫിനാന്‍സും ഉള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. പ്രവര്‍ത്തന ചട്ടങ്ങളില്‍ വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, മെഴ്‌സിഡെസ്-ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് മറ്റ് രണ്ട് സ്ഥാപനങ്ങള്‍.
Also Read : മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്കിന് 72 ലക്ഷം രൂപയും ഫെഡറല്‍ ബാങ്കിന് 30 ലക്ഷം രൂപയും കൊശമറ്റം ഫിനാന്‍സിന് 13.38 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. മെഴ്‌സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസിന് 10 ലക്ഷം രൂപയും പിഴ വിധിച്ചു.
കാരണങ്ങള്‍ ഇങ്ങനെ
ഒന്നിലേറെ വീഴ്ചകളിന്മേലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ നടപടി. കോര്‍ ബാങ്കിംഗ് സൊല്യൂഷനില്‍ (സി.ബി.എസ്) ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍ സൂക്ഷിക്കുകയും എസ്.എം.എസ് ചാര്‍ജുകള്‍ ഈടാക്കുകയും ചെയ്തുവെന്നതാണ് ഒരു കാരണം. ചില ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് പാലിക്കുന്നതിലും വീഴ്ചയുണ്ടായി. എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശനിരക്ക് വ്യക്തമാക്കുന്നതിലും ബാങ്കിന് ശ്രദ്ധക്കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി.
50,000 രൂപയ്ക്കും അതിനുമുകളിലുമുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകളില്‍ (ഡി.ഡി) പര്‍ച്ചേസറുടെ പേര് ചേര്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്കിന് പിഴ ചുമത്തിയത്. 2021-22ല്‍ ചില വായ്പാ അക്കൗണ്ടുകളില്‍ 75 ശതമാനമെന്ന ലോണ്‍-ടു-വാല്യു (LTV) ചട്ടം പാലിക്കാത്തതിനാണ് കൊശമറ്റം ഫിനാന്‍സിനെതിരെ നടപടി.
ഇടപാടുകാരുടെ കെ.വൈ.സി (Know your customer/KYC) അപ്‌ഡേറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മെഴ്‌സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് പിഴ ചുമത്തിയത്. നാല് സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച മറുപടി കൂടി വിലയിരുത്തിയ ശേഷമാണ് നടപടിയെടുത്തത്.
Next Story
Videos