എസ്.ബി.ഐയുടെ ലാഭത്തില്‍ റെക്കോഡ്; ഓഹരിയൊന്നിന് 13.70 രൂപ ലാഭവിഹിതം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2023-24 സാമ്പത്തിക വർഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 24 ശതമാനം വര്‍ധനയോടെ 20,698 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. റെക്കോഡ് വര്‍ധനയാണ് ലാഭത്തിലുണ്ടായിരിക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 16,695 കോടി രൂപയായിരുന്നു ലാഭം. വായ്പാ വിതരണത്തിലുണ്ടായ മുന്നേറ്റമാണ് ലാഭം ഉയര്‍ത്തിയത്. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത് 13,400 കോടി രൂപ ലഭാമായിരുന്നു.

ബാങ്കിന്റെ പലിശ വരുമാനം ഇക്കാലയളവില്‍ 19 ശതമാനം ഉയര്‍ന്ന് 1.11 ലക്ഷം കോടി രൂപയായി.
ഓഹരിയൊന്നിന് 13.70 രൂപ ലാഭവിഹിതത്തിനും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനുള്ള റെക്കോഡ് തീയതി മേയ് 22 ആണ്. ജൂണ്‍ 5 മുതല്‍ ലാഭ വിഹിതം നല്‍കി തുടങ്ങും.
കിട്ടാങ്ങള്‍ കുറഞ്ഞു
എസ്.ബി.ഐയുടെ ആസ്തി നിലവാരവും ഇക്കാലയളവില്‍ മെച്ചപ്പെട്ടു. 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍വര്‍ഷത്തെ 2.78 ശതമാനത്തില്‍ നിന്ന് 2.24 ശതമാനമായി കുറഞ്ഞു. അതേ സമയം അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.67 ശതമാനത്തില്‍ നിന്ന് 0.57 ശതമാനവുമായി.
ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) ഇക്കാലയളവില്‍ 40,393 കോടി രൂപയില്‍ നിന്ന് മൂന്ന് ശതമാനം വര്‍ധിച്ച് 41,655 കോടി രൂപയായി.
വായ്പകളും നിക്ഷേപവും
ബാങ്കിന്റെ വായ്പകള്‍ മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വളര്‍ച്ചയോടെ നാലാം പാദത്തില്‍ 37.67 ലക്ഷം കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 15 ശതമാനം ഉയര്‍ന്ന് 13.52 ലക്ഷം കോടിയായി. ഇതില്‍ 7.25 ലക്ഷം കോടിയും ഭവന വായ്പകളാണ്. 13 ശതമാനം വളര്‍ച്ചയാണ് ഭാവന വായ്പാ വിഭാഗത്തിലുണ്ടായത്.
ബാങ്കിന്റെ നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം ഉയര്‍ന്ന് 49.16 ലക്ഷം കോടി രൂപയായി. ഇതില്‍ 19.41 ലക്ഷം കോടി രൂപ കാസ നിക്ഷേപങ്ങളാണ്.
ഓഹരിവില ഉയര്‍ന്നു
ഇന്നലെ വൈകിയയാണ് എസ്.ബി.ഐ ഫലപ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ മിക്ക ബ്രോക്കറേജുകളും എസ്.ബി.ഐയുടെ റേറ്റിംഗ് ഉയര്‍ത്തിയിട്ടുണ്ട്. ഒരു വര്‍ഷക്കാലയളവില്‍ 43 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 127 ശതമാനവും നേട്ടം എസ്.ബി.ഐ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it