എസ്ബിഐയുടെ ഈടില്ലാത്ത കോവിഡ് വായ്പകള്‍ പിന്‍വലിച്ചു!

കോവിഡ് കാലത്ത് നിരവധിപേര്‍ക്ക് ഉപകാരമായി മാറിയ എസ്ബിഐയുടെ കൊറോണ കവച് പേഴ്സണല്‍ ലോണുകള്‍ ബാങ്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 25ാം തീയതിയോടെ ലോണുകള്‍ ബാങ്ക് നിര്‍ത്തിവച്ചതായാണ് അറിയുന്നത്. കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കുന്ന സ്‌കീമിലൂടെ വ്യക്തിഗത വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.

വിവിധ ഘട്ടങ്ങളായി നടപ്പിലാക്കിയിരുന്ന വായ്പാ പദ്ധതിയിലേക്ക് ഇപ്പോഴും ആവശ്യക്കാര്‍ അനിയന്ത്രിതമായി എത്തുന്നത് തുടരുന്നതായും ഇതിനാലാണ് ബാങ്ക് സ്വമേധയാ ആരംഭിച്ച സ്‌കീം പിന്‍വലിച്ചത്. പ്രത്യേക കാലാവധി പ്രഖ്യാപിക്കാതെ അടിയന്തിരാവശ്യത്തിനായുളള വായ്പകള്‍ ബാങ്കുകള്‍ പിന്‍വലിക്കാറുണ്ട്.
മുമ്പ് ജൂണ്‍ 30 വരെ കോവിഡ് വന്നവര്‍ക്കായിരുന്നു കഴിഞ്ഞ ഘട്ട വായ്പാ പദ്ധതി അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ ആശുപത്രിയിലും ഡോക്ടറുടെ അനുമതിയോടെ പോസിറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഉള്ള, വീട്ടില്‍ ചികിത്സ തേടിയവര്‍ക്കുമായിരുന്നു ലോണ്‍ ലഭിച്ചിരുന്നത്.
നിലവില്‍ വായ്പകള്‍ ഉണ്ടെങ്കിലും ഈ വായ്പയ്ക്ക് തടസ്സമാകില്ലെന്നതായിരുന്നു വായ്പയുടെ പ്രധാന സവിശേഷത. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസമാണ് ഈ വായ്പകളുടെ തിരിച്ചടവ് കാലാവധി.
ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍ക്ക് പുറമെ പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താമായിരുന്നു. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.5 ശതമാനമായിരുന്നു കോവിഡ് കവച് ലോണുകളുടേത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it