Begin typing your search above and press return to search.
അദാനിക്കുള്ള ഗംഗാ എക്‌സ്പ്രസ്‌വേ വായ്പയുടെ പാതി 'മറിച്ചുവില്‍ക്കാന്‍' എസ്.ബി.ഐ
ഇന്ത്യയിലെ ഏറ്റവും വലിയ 'അതിവേഗപ്പാത' എന്ന പെരുമയോടെ അദാനി ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ നിര്‍മ്മിക്കുന്ന ഗംഗാ എക്‌സ്പ്രസ്‌വേ പദ്ധതിക്ക് നല്‍കിയ വായ്പയുടെ പാതി മറിച്ചുവില്‍ക്കാന്‍ എസ്.ബി.ഐ ഒരുങ്ങുന്നു. മീററ്റ് മുതല്‍ പ്രയാഗ്‌രാജ് വരെ നീളുന്ന പാതയുടെ മൊത്തം നീളം 594 കിലോമീറ്ററാണ്. ഇതില്‍ ബദൗന്‍ മുതല്‍ പ്രയാഗ്‌രാജ് വരെയുള്ള പാതയുടെ നിര്‍മ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇതിന്റെ നീളം 464 കിലോമീറ്ററാണ്. അതായത്, മൊത്തം പാതയുടെ 80 ശതമാനം.
11,000 കോടി രൂപയാണ് പാത നിര്‍മ്മാണത്തിന് വായ്പയായി അദാനി ഗ്രൂപ്പിന് എസ്.ബി.ഐ അനുവദിച്ചത്. ഇതിന്റെ പാതി മറിച്ചുവില്‍ക്കാന്‍ എസ്.ബി.ഐ ചര്‍ച്ചകള്‍ തുടങ്ങി. നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (NaBFID), പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവയുമായാണ് ചര്‍ച്ച.
ഏറ്റെടുക്കാന്‍ ബാങ്കുകള്‍
വമ്പന്‍ തുകയുടെ അടിസ്ഥാനസൗകര്യ വികസന വായ്പകള്‍ മറിച്ചുവില്‍ക്കുന്നത് ബാങ്കുകള്‍ പൊതുവേ സ്വീകരിക്കുന്ന നടപടിയാണ്. റിസ്‌ക് കുറയ്ക്കുകയാണ് ഇതുവഴി പ്രധാനമായും ഉദ്ദേശിക്കുന്നത്.
നാബ്ഫിഡ്, ആര്‍.ഇ.സി., യൂണിയന്‍ ബാങ്ക്, പി.എഫ്.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയുടെ പാതി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സൂചന ഇതിനകം എസ്.ബി.ഐക്ക് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എസ്.ബി.ഐയോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Next Story
Videos