ബജാജ് ഫിനാന്‍സിന്റെ ഡിജിറ്റല്‍ വായ്പകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വിലക്ക്

ഡിജിറ്റല്‍ വായ്പാ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയ്ക്ക് വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

Also Read : ചില വായ്പകളും ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്‌ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്

ആര്‍.ബി.ഐ നിയമങ്ങള്‍ അനുസരിച്ച് വായ്പാ കരാറുമായി മുന്നോട്ട് പോകുന്നതിനായി ഉപയോക്താവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (കെ.എഫ്.എസ്) സ്ഥാപനം നല്‍കണം. ഇത് ഉപഭോക്താക്കളുമായി പങ്കിടേണ്ടത് നിര്‍ബന്ധമാണ്. ഇതില്‍ വായ്പയുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക ശതമാനം നിരക്ക് (APR), റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, കാലയളവ്, പരാതിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുണ്ടാകും.

ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നീ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങള്‍ക്ക് കീഴിലുള്ള വായ്പക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബജാജ് ഫിനാന്‍സിനെതിരെ റിസര്‍വ് ബാങ്കിന്റെ നടപടി. സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചാര്‍ജോ ഫീസോ വായ്പക്കാരനില്‍ നിന്ന് ഈടാക്കാന്‍ പാടില്ല.

നടപടിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഉന്നയിക്കുന്ന ആശങ്കകളെ കുറിച്ച് കമ്പനി വിശദമായ അവലോകനം നടത്തുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കുമെന്നും ബജാജ് ഫിനാന്‍സ് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ട് വായ്പാ ഉല്‍പ്പന്നങ്ങള്‍ക്ക് കീഴിലുള്ള പുതിയ വായ്പകളുടെ അനുമതിയും വിതരണവും കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it