പണം ബാങ്കില്‍ സുരക്ഷിതമെന്ന് ഉപയോക്താക്കളോട് പേയ്ടീഎം പേയ്മെന്റ്‌സ് ബാങ്ക്

ഉപയോക്താക്കളോട് 'നിങ്ങളുടെ പണം ബാങ്കില്‍ സുരക്ഷിതമാണ്' എന്ന സന്ദേശവുമായി പേയ്ടീഎം പേയ്മെന്റ്‌സ് ബാങ്ക്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) നിര്‍ദ്ദേശം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പേയ്ടീഎം പേയ്മെന്റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് സന്ദേശമയച്ചിരിക്കുന്നത്.

പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല

ഉപയോക്താക്കള്‍ക്ക് ഇ-മെയിലായും ടെക്സ്റ്റായും അയച്ച സന്ദേശത്തില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം അവരുടെ നിലവിലുള്ള ബാലന്‍സുകളെ ബാധിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. കൂടാതെ 2024 ഫെബ്രുവരി 29ന് ശേഷവും നിലവിലുള്ള ബാലന്‍സില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ബാങ്ക് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആപ്പിലെ 24x7 സഹായ വിഭാഗം വഴി ഉപയോക്താക്കള്‍ക്ക് ബാങ്കിനെ ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.

നോഡല്‍ അക്കൗണ്ടുകളും മറ്റ് ബാങ്കുകളിലേക്ക് മാറ്റും

ഫെബ്രുവരി 29ന് ശേഷം പേയ്ടിഎമ്മിന്റെ നോഡല്‍ അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ തുടര്‍ന്ന് നോഡല്‍ അക്കൗണ്ടുകളും ക്യുആര്‍ കോഡുകളും മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്നും ബാങ്ക് അറിയിച്ചു. ഇതിനകം തന്നെ നോഡല്‍ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റുന്ന പ്രക്രിയയിലാണെന്ന് പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.

നിര്‍ദ്ദിഷ്ട വ്യാപാരികള്‍ക്ക് പണം അയക്കുന്നതിനും ഉപയോക്താക്കളുടെ ബാങ്കുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതിനുമായുള്ള അക്കൗണ്ടാണ് നോഡല്‍ അക്കൗണ്ട്. ഈ അക്കൗണ്ട് പണം സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇലക്ട്രോണിക് മോഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകള്‍ കൃത്യമായി കണക്കാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് 2009ലാണ് റിസര്‍വ് ബാങ്ക് നോഡല്‍ അക്കൗണ്ട് നിര്‍ദ്ദേശിച്ചത്.

ക്യു.ആര്‍ കോഡ് ഉപയോഗിച്ച് പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന പേയ്റ്റീഎം ആപ്പിന്റെ ഒരു ഘടകമാണ് പേയ്റ്റീഎം ഓള്‍ ഇന്‍ വണ്‍ ക്യു.ആര്‍ കോഡ് സ്‌കാനര്‍ (Paytm all in one QR code scanner) .പേയ്ടിഎം വാലറ്റ്, റുപേ കാര്‍ഡുകള്‍, എല്ലാ യു.പി.ഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകള്‍ വഴിയും പരിധിയില്ലാത്ത പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന സംവിധാനം.

ഓഹരി ഇടിഞ്ഞു

നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും മറ്റ് നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തരുതെന്നും നിര്‍ദേശിച്ചതിനൊപ്പം പ്രീപെയ്ഡ് സൗകര്യങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗ് തുടങ്ങിയവ ടോപ്-അപ്പ് (നിക്ഷേപം വര്‍ധിപ്പിക്കുക) ചെയ്യരുതെന്നും റിസര്‍വ് ബാങ്ക് ഉത്തരവിട്ടിട്ടുണ്ട്. പ്രവര്‍ത്തന ചട്ടങ്ങളില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് പേയ്ടിഎം ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് കടുത്ത നടപടിയിലേക്ക് കടന്നത്. ഇതോടെ പേയ്ടീഎം ഓഹരികള്‍ ഇടിലിവാണ്. ഇന്നലെയും ഇന്നുമായി പേയ്ടീഎം ഓഹരികള്‍ 36 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിലവില്‍ 20 ശതമാനം ഇടിഞ്ഞ് 487.20 രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it