Begin typing your search above and press return to search.
₹19,370 കോടി കടമെടുക്കാനാകില്ല, കനത്ത പ്രതിസന്ധിയില്‍ കേരളം
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 19,370 കോടി കടമെടുക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡല്‍ഹിയില്‍ നടത്തിയ യോഗത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ഇതോടെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. തിങ്കളാഴ്ച ഇത് സംബന്ധിച്ച് കോടതിയെ അറിയിക്കുമെന്നാണ് സൂചന. കപില്‍ സിബിലാണ് കേരളത്തിനായി ഹാജരാകുന്നത്. ചര്‍ച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചതുപ്രകാരം 13,608 കോടി രൂപയ്ക്ക് വായ്പാ അനുമതി നല്‍കും. എന്നാല്‍ സംസ്ഥാനം അധികമായി ആവശ്യപ്പെട്ട തുകയ്ക്ക് അനുമതി നല്‍കില്ല. കേന്ദ്രവുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ തുകയില്‍ സമാവായത്തിനെത്താനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം പരിശോധിച്ച കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല.
ഈ മാസം പാടുപെടും
കേന്ദ്രം ആവശ്യം തള്ളിയതോടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക വര്‍ഷാവസാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവില്‍ അനുമതി നല്‍കിയിട്ടുള്ള 13,608 കോടി രൂപ പേലും സമയബന്ധിതമായി കടമെടുക്കാനാകുമോ എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ മാസം 12, 19, 26 തീയതികളിലാണ് ഇനി റിസര്‍വ് ബാങ്ക് വഴി കടമെടുക്കാന്‍ കഴിയുക. അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ പരുങ്ങലിലാകും.
കേരളത്തിന് കേന്ദ്രം അനുവദിച്ച നടപ്പുവര്‍ഷത്തെ വായ്പാപരിധി ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ അവസാനിച്ചിരുന്നു. ശമ്പളം, ക്ഷേമപെന്‍ഷന്‍ വിതരണം, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്ക്കായി ഈ മാസം മാത്രം 26,000 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ആവശ്യമാണ്. സാമ്പത്തിക വർഷാവസാനമായ ഈ മാസം ട്രഷറിയില്‍ കൂട്ടത്തോടെ ബില്ലുകള്‍ എത്തുന്നത് ധനവകുപ്പിന് കടുത്ത സമ്മര്‍ദ്ദം നല്‍കുന്നുണ്ട്.
Next Story