കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹500 കോടിയുടെ യൂറോപ്യന്‍ ഓര്‍ഡര്‍; ഓഹരികള്‍ നേട്ടത്തില്‍

കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് യൂറോപ്യന്‍ കമ്പനിയില്‍ നിന്ന് 500 കോടി രൂപയുടെ ഓര്‍ഡര്‍. ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസലുകള്‍ക്കായാണ് (SOV) ഓര്‍ഡര്‍. രൂപകല്‍പ്പനയും നിര്‍മാണവും നടത്തി 2026ല്‍ വെസല്‍ കൈമാറുമെന്നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ കൊച്ചി കപ്പല്‍ശാല വ്യക്തമാക്കിയിരിക്കുന്നത്.

നിരവധി ഓര്‍ഡറുകളാണ് നിലവില്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ഇതുകൂടാതെ 22,000 കോടിയുടെ ഓര്‍ഡറുകള്‍ കമ്പനി സ്വന്തമാക്കുകയും 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ എതാണ്ട് ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.

വമ്പന്‍ പദ്ധതികള്‍

ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മിച്ച് രാജ്യത്തിന് സമര്‍പ്പിച്ചതടക്കം നിരവധി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ രണ്ട് പുതിയ പദ്ധതികള്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.

കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറില്‍ 970 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ISRF), തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക് എന്നിവയാണത്.

ഇന്ത്യയുടെ രണ്ടാം തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലിനുള്ള ഓര്‍ഡറും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ലാഭം കൂടി, വരുമാനവും

നടപ്പു സാമ്പത്തിവര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സംയോജിത ലാഭത്തില്‍ 120 ശതമാനത്തിലധികം വളര്‍ച്ചയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 120 ശതമാനത്തിലധികം വളര്‍ച്ചയോടെ ലാഭം 244.4 കോടി രൂപയായി.

വരുമാനം ഇക്കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 664.8 കോടി രൂപയില്‍ നിന്ന് 1,114.11 കോടി രൂപയിലുമെത്തി. 67 ശതമാനം വളര്‍ച്ച. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിക്ക് 3.50 രൂപ വീതം ഡിവിഡന്‍ഡും പ്രഖ്യാപിച്ചിരുന്നു.

ഓഹരിയിൽ ഉയർച്ച

ജനുവരി 30നാണ് ഫലപ്രഖ്യാപനമുണ്ടായത്. പിന്നാലെ ഇന്നലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 7 ശതമാനത്തോളം കുതിച്ചു കയറി പുതിയ റെക്കോഡിട്ടിരുന്നു. 945 രൂപ വരെ കയറിയ ഓഹരി വ്യാപാരാന്ത്യത്തില്‍ നാല് ശതമാനം ഉയര്‍ന്ന് 922.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ 90 ശതമാനത്തിലധികം ഉയര്‍ച്ച നേടിയ ഓഹരി ഒരു വര്‍ഷക്കാലയളവില്‍ 256 ശതമാനവും മൂന്നു വര്‍ഷക്കാലയളവില്‍ 423 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

Related Articles
Next Story
Videos
Share it