സ്വർണം വാങ്ങുമ്പോൾ എങ്ങനെയാണ് ബിൽ തുക തീരുമാനിക്കുന്നത്? അറിയണം ഇക്കാര്യങ്ങള്‍

പലര്‍ക്കും സ്വര്‍ണത്തിന്റെ വില അറിയാമെങ്കിലും ഒരു പവന്‍ ആഭരണത്തിന് എത്ര വില നല്‍കേണ്ടി വരുമെന്നതില്‍ വലിയ ധാരണയില്ല. ഇന്ന് കേരളത്തില്‍ ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് വില 53,200 രൂപയാണ്. പക്ഷെ ഈ തുക കൊടുത്താല്‍ ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകില്ല. സ്വര്‍ണ വിലയ്‌ക്കൊപ്പം നിരവധി ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കച്ചവടക്കാര്‍ ആഭരണത്തിന് ബില്ലിടുന്നത്.

സ്വര്‍വും പരിശുദ്ധിയും
വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിക്കനുസരിച്ചാണ് സ്വര്‍ണത്തിന് വിലയിടുന്നത്. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ വിവിധ പരിശുദ്ധികളില്‍ സ്വര്‍ണം ലഭിക്കും. കൂടുതല്‍ പരിശുദ്ധിയുള്ള സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിനാണ് ഏറ്റവും കൂടുതല്‍ വില. 14 കാരറ്റിന് വില കുറയും.
22 കാരറ്റ് ആണ് കൂടുതലും സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനാണ് 18 കാരറ്റ് സ്വര്‍ണം ഉപയോഗിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.
ആഭരണത്തിന് വിലയിടുന്നത്
സ്വര്‍ണ വില, പണിക്കൂലി, ആഭരണത്തില്‍ പതിപ്പിച്ചിട്ടുള്ള കല്ലുകളുടേയും വജ്രത്തിന്റെയും വില, നികുതികള്‍ എന്നിവയൊക്കെയാണ് പ്രധാനമായും വിലയില്‍ ഉള്‍പ്പെടുന്നത്.
ഒരു പവന്‍ സ്വര്‍ണ വിലയ്‌ക്കൊപ്പം പണിക്കൂലി, സ്വര്‍ണവിലയ്ക്കും പണിക്കൂലിക്കും മേല്‍ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജിന് 18 ശതമാനം ജി.എസ്.ടി എന്നിവയും ഉള്‍പ്പെടുത്തിയാണ് ആഭരണത്തിന്റെ വില നിശ്ചയിക്കുന്നത്.
ഇന്ന് എത്ര രൂപ നല്‍കിയാല്‍ ഒരു പവന്‍ ആഭരണം കിട്ടും?
ഇന്ന് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില നോക്കാം. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമാണ് സ്വര്‍ണാഭരണത്തിന് പണിക്കൂലി ഈടാക്കുന്നത്. ഡിസൈനുകളെയും ജുവലറികളെയും ആശ്രയിച്ച് ഇതില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്കും മറ്റും 15 ശതമാനം വരെ പണിക്കൂലി നല്‍കേണ്ടതുണ്ട്.

ഇന്നത്തെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണ വില 53,200 രൂപ. ഇതിനൊപ്പം 5 ശതമാനമാണ് പണിക്കൂലിയെന്ന് വിചാരിക്കുക. അപ്പോള്‍ 53,200 രൂപയ്‌ക്കൊപ്പം 5 ശതമാനം പണിക്കൂലിയായ 2,660 രൂപ, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി അതായത് 1,676 രൂപ, കൂടാതെ 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജിന് 18 ശതമാനം ജി.എസ്.ടിയായ 8 രൂപ എന്നിവയെല്ലാം ചേര്‍ത്ത് 57,589 രൂപ നല്‍കേണ്ടി വരും ഒരു ആഭരണത്തിന്. അതായത് ഇന്നത്തെ വിലയ്‌ക്കൊപ്പം 4,400 രൂപയോളം അധികം നൽകേണ്ടി വരും. പണിക്കൂലി 10 ശതമാനമാണെങ്കിൽ ആഭരണ വില 7,000 രൂപയോളം കൂടും. ഇതുകൂടാതെ വജ്രമോ കല്ലോ പതിപ്പിച്ചാല്‍ അതിന്റെ വില വേറെയും നല്‍കണം. സ്വര്‍ണത്തിന്റെ തൂക്കം കണക്കാക്കുമ്പോള്‍ കല്ലുകളുടെയും വജ്രങ്ങളുടേയും തൂക്കം പ്രത്യകമായി കാണിക്കും.
സ്വര്‍ണം വാങ്ങുമ്പോള്‍ കിട്ടുന്ന ബില്ലില്‍ മേല്‍പറഞ്ഞ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലേ എന്ന് നോക്കണം.
എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍
പഴയ സ്വര്‍ണം മാറ്റിയെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ജുവലറികളുടെ ആഭരണം മാറ്റിയെടുക്കല്‍ നയങ്ങള്‍ അറിഞ്ഞിരിക്കണം. ചില കച്ചവടക്കാര്‍ സ്വര്‍ണത്തിന്റെ നൂറു ശതമാനം തുകയും തിരിച്ചുതരുമ്പോള്‍ ചിലര്‍ 90 ശതമാനമാണ് തിരിച്ചു നല്‍കുക. ആഭരണത്തിനൊപ്പമുള്ള അമൂല്യ രത്‌നങ്ങളുടേയും വജ്രങ്ങളുടേയും യഥാര്‍ത്ഥ വില തിരിച്ചുകൊടുക്കുമ്പോള്‍ ലഭിക്കുമോ എന്നും ചോദിച്ച് മനസിലാക്കണം.



Related Articles
Next Story
Videos
Share it