സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇനി രക്ഷ പ്രവാസികളോ, വരുമോ ഡയസ്‌പോറ ബോണ്ട്?

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ചീഫ് സെക്രട്ടറി അടുത്തിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാനും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈകോ വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും പോലും പണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ പ്രവാസികളെ ആശ്രയിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഡയസ്‌പോറ ബോണ്ട് (പ്രവാസി ബോണ്ട്) നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ലോകബാങ്കും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ സാമ്പത്തിക പങ്കാളിയാക്കി നിക്ഷേപം കണ്ടെത്താനാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ദീരാപ് രഥ മുന്നോട്ടുവച്ച നിര്‍ദേശം.
എന്നാല്‍ കേരളത്തെ സംബന്ധിച്ച് ലോകബാങ്ക് നിര്‍ദേശം പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമാകില്ല. സമാനമായൊരു പദ്ധതി പ്രവസി ചിട്ടിയെന്ന പേരില്‍ കെ.എസ്.എഫ്.ഇ അവതരിപ്പിച്ചിരുന്നുങ്കെലും വിജയം കണ്ടില്ല. പ്രവാസി ബോണ്ട് അവതരിപ്പിച്ചാലും അവസ്ഥ വ്യത്യസ്തമാകാനിടയില്ല. കാരണം സംസ്ഥാനത്തിന്റെ കടത്തിന്റെ ഒരു ഭാഗമാകുകയാണ് ബോണ്ടുകള്‍. നിലവിലെ കേരളത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ പ്രവാസി മലയാളികള്‍ ഇതിലേക്ക് നിക്ഷേപിക്കാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ ഗ്യാരന്റികള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍- സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞു.
സര്‍ക്കാരില്‍ വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍
അടുത്തിടെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി) സര്‍ക്കാര്‍ ജാമ്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പ കുടിശികയായപ്പോള്‍ അത് തിരിച്ചടയ്‌ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയിട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് പ്രവാസികള്‍ വിശ്വസിച്ച് ബോണ്ടുകള്‍ വാങ്ങുകയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ.ജോസ് സെബാസ്റ്റിയന്‍ ആശങ്കപ്രകടിപ്പിച്ചു. വേള്‍ഡ് ബാങ്ക് കാര്യമായ പഠനം നടത്തിയിട്ടാണോ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല പ്രവാസി മലയാളികള്‍ ബോണ്ട് പോലുള്ള നിക്ഷേമാര്‍ഗങ്ങളോട് അത്ര പ്രതിപത്തി കാണിക്കാറില്ല. ഭൂമിയിലും ബാങ്ക് നിക്ഷേപങ്ങളിലുമാണ് ഇപ്പോഴും അവര്‍ക്ക് താത്പര്യം. അതുകൊണ്ട് തന്നെ ബോണ്ടുകളിലേക്ക് അവരെ ആകര്‍ഷിക്കുക അത്ര എളുപ്പമായിരിക്കില്ല.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് ബോണ്ട് ഇറക്കുക എന്നതിനാല്‍ സാമ്പത്തിക തട്ടിപ്പിന് സാധ്യത കുറവാണ്. കലാവധി തീര്‍ന്നാല്‍ അടച്ച തുക തിരികെ കിട്ടും. പലിശ വര്‍ഷാവര്‍ഷമോ അല്ലെങ്കില്‍ ബോണ്ടിന്റെ കാലാവധി തീരുന്ന മുറയ്ക്ക് ഒന്നിച്ചോ ലഭിക്കും.
കടമ്പകളേറെ
കഴിഞ്ഞ വര്‍ഷം 2,36,000 കോടി രൂപയായിരുന്നു സംസ്ഥാനത്തെ എന്‍.ആര്‍.ഐ നിക്ഷേപം. ഈ വര്‍ഷം ജൂണ്‍ വരെ ഇത് 2,47,000 കോടി രൂപയായിട്ടുണ്ട്. ആകര്‍ഷകമായ പലിശ നിരക്ക് കൊടുത്താല്‍ പ്രവാസി ബോണ്ട് ഇറക്കി പണം സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളൊന്നും തന്നെ ഇതു വരെ പ്രവാസി ബോണ്ടുകളിറക്കി പണം പിരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, പ്രവാസി ബോണ്ടുകളെ കേന്ദ്ര കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന് ഇതിന്റെ ഗുണം ലഭിക്കില്ല. റിസര്‍വ് ബാങ്കിന്റെ അടക്കമുള്ള അനുമതികള്‍ ആവശ്യമുള്ളതിനാല്‍ അതിനുശേഷം മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it