റെഡ് സോണില്‍ 4 ജില്ലകള്‍ ; ഈ മാസം 20 വരെ ഇളവില്ല

കേരളത്തില്‍ ഈ മാസം 20 വരെ ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുഗതാഗതം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുടരും.

കൊറോണ ബാധ സംബന്ധിച്ച് ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ മാറ്റമുണ്ടാകും.ഐ.സി.എം.ആര്‍ പ്രഖ്യാപിച്ചത് ഏഴു ജില്ലകളായിരുന്നു. ഇതില്‍ നിന്ന് തിരുവനന്തപുരവും എറണാകുളവും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയില്‍ ഒഴിവാകും. രോഗവ്യാപന തോത് അനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിച്ചു.

രോഗ വ്യാപനം കൂടുതലുള്ള ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ നാലു ജില്ലകളാണ് റെഡ് സോണിലുള്ളത്. ഈ നാലു ജില്ലകള്‍ മാത്രമായിരിക്കും ഹോട് സ്‌പോട്ട്. ഈ ജില്ലകളില്‍ 20 ന് ശേഷവും കടുത്ത നിയന്ത്രണം തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്നതാണ്. ഗ്രീന്‍ സോണിലാണ് തിരുവനന്തപുരം, ആലപ്പുഴ, വയനാട്, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകള്‍.

ജില്ലകളെ തരംതിരിച്ച സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കണമെന്ന് ഐ.സി.എം.ആറിനോട് ആവശ്യപ്പെടും. തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.കയര്‍, കശുവണ്ടി, ബീഡി, കൈത്തറി മേഖലയില്‍ 20 നു ശേഷം ഇളവ് നല്‍കും. കശുവണ്ടി മേഖലയില്‍ മൂന്നിലൊന്ന് തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. കര്‍ഷക, പരമ്പരാഗത മേഖലകളില്‍ ഇളവ് അനുവദിക്കുമ്പോഴും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണം എന്ന നിബന്ധന മുന്നോട്ടു വെച്ചിട്ടുണ്ട്.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഏപ്രില്‍ 24 നു ശേഷം പത്തനംതിട്ട, കൊല്ലം , എറണാകുളം ജില്ലകളില്‍ ഭാഗിക ഇളവുകള്‍ അനുവദിക്കും.ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലും ജനജീവിതം ഭാഗികമായി പുനരാരംഭിക്കാനായേക്കും. ഇടുക്കി, കോട്ടയം ജില്ലകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും വിലയിരുത്തപ്പെട്ടു. ഇതനുസരിച്ചുള്ള ഇളവുകള്‍ വന്നേക്കും. സാലറി ചാലഞ്ച് സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it