ലാപ്ടോപ് ഇറക്കുമതി: ഇന്ത്യയെ ഗുണദോഷിക്കണമെന്ന് യു.എസ് സര്‍ക്കാരിനോട് കമ്പനികള്‍

യു.എസ് ട്രേഡ് പ്രതിനിധി, യു.എസ് വാണിജ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ച് വ്യാപാര സംഘടനകള്‍
Image courtesy: canva
Image courtesy: canva
Published on

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ആപ്പിള്‍, ഇന്റല്‍, ഗൂഗിള്‍, ലെനോവോ, ഡെല്‍ ടെക്‌നോളജീസ്, എച്ച്.പി തുടങ്ങിയ പ്രമുഖ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികള്‍. ഇറക്കുമതി നിയന്ത്രണ നയം നടപ്പാക്കുന്നത് പുനഃപരിശോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പടുന്നതിനായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് കമ്പനികള്‍ യു.എസ് സര്‍ക്കാരിനോട് അഭ്യർത്ഥിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

നിയന്ത്രണ നയം

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) ഇലക്ട്രോണിക്സ് ഇനങ്ങളായ ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍-പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, ചെറിയ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയെ നിയന്ത്രിത ഇറക്കുമതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ പ്രമുഖ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികള്‍ക്ക് ഇവ ഇറക്കുമതി ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടിവരും. നവംബര്‍ ഒന്നുമുതല്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് ഇവ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ. ഇതോടെയണ് കമ്പനികള്‍ യു.എസ് സര്‍ക്കാരിനെ സമീപിച്ചത്.

കത്തയച്ച് വ്യാപാര സംഘടനകള്‍

ഇന്ത്യയുടെ ഈ നടപടികള്‍ അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കും ബാധ്യതകള്‍ക്കും പ്രതിബദ്ധതകള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യു.എസ് ബന്ധപ്പെടണം. ഈ ആവശ്യമുന്നയിച്ച് കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഡസ്ട്രി കൗണ്‍സില്‍, സെമികണ്ടക്ടര്‍ വ്യവസായ അസോസിയേഷന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ബിസിനസ് എന്നിവയുള്‍പ്പെടെ യു.എസ് ആസ്ഥാനമായുള്ള എട്ട് വ്യാപാര സംഘടനകള്‍ യു.എസ് ട്രേഡ് പ്രതിനിധി, യു.എസ് വാണിജ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചു.

ഒരു വ്യാപാര, വിതരണ ശൃംഖല പങ്കാളിയെന്ന നിലയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ ലൈസന്‍സിംഗ് നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായി വ്യാപാര സ്ഥാപനങ്ങള്‍ അയച്ച കത്തില്‍ പറയുന്നു. ഈ നടപടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തിന് തുരങ്കം വയ്ക്കുന്നതാണ്.മുന്‍കൂര്‍ അറിയിപ്പോ പൊതുവായ കൂടിയാലോചനയോ കൂടാതെ പ്രഖ്യാപിച്ച ഈ നിയന്ത്രണങ്ങള്‍ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലയില്‍ നിന്ന് ഇന്ത്യയെ അകറ്റുകയും ഇരു രാജ്യങ്ങളിലെയും ബിസിനസുകളെയും ഉപയോക്താക്കളെയും ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും കത്തില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com