Begin typing your search above and press return to search.
കാനഡയില്‍ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍; മലയാളികള്‍ക്ക് അടക്കം നേട്ടം
മിനിമം വേതനത്തില്‍ വര്‍ധന വരുത്തി കാനഡ. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുംവിധമാണ് വേതനത്തില്‍ മാറ്റംവരുത്തിയിരിക്കുന്നത്. പഠനത്തിനും മറ്റുമായി എത്തിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഗുണം ചെയ്യുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
മുമ്പ് മണിക്കൂറിന് 16.65 ഡോളറായിരുന്നു (1,386.87 ഇന്ത്യന്‍ രൂപ) വേതനം. ഇത് 17.30 ഡോളറായാണ് (1,441.02 ഇന്ത്യന്‍ രൂപ) വര്‍ധിപ്പിച്ചത്. പാര്‍ട്ട് ടൈം, താല്‍ക്കാലിക ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് പുതിയ വര്‍ധന ഗുണം ചെയ്യുക.
കാനഡയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 30,000ത്തോളം പേര്‍ക്ക് സര്‍ക്കാര്‍ തീരുമാനം നേട്ടമുണ്ടാക്കും. കാനഡയിലെ വിവിധ പ്രവിശ്യകളില്‍ വ്യത്യസ്ത നിരക്കിലാണ് നിലവില്‍ മിനിമം വേതനം. യുക്കോണ്‍ പ്രവിശ്യയിലാണ് കൂടുതല്‍ വര്‍ധന വരുന്നത്. ഇവിടെ 17.59 ഡോളറായാണ് (1,465.20 ഇന്ത്യന്‍ രൂപ) കൂടുക. മലയാളികള്‍ ഏറെയുള്ള ബ്രിട്ടീഷ് കൊളംബിയയില്‍ 17.40 ഡോളറായാണ് വര്‍ധന.
ഓരോ പ്രവിശ്യയിലും വ്യത്യസ്ത നിരക്ക്
പ്രവിശ്യകളിലെ മിനിമം വേതനം ഫെഡറല്‍ നിരക്കിനേക്കാള്‍ കുറവാണെങ്കില്‍ കൂടിയ വേതനമാകും ജീവനക്കാര്‍ക്ക് കൊടുക്കേണ്ടി വരിക. 2021ലാണ് മിനിമം വേതന സ്‌കീം കാനഡ ആവിഷ്‌കരിക്കുന്നത്. ഓരോ വര്‍ഷവും ഇതില്‍ മാറ്റം ഉണ്ടാക്കും. വാര്‍ഷിക ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ശരാശരി വേതനം നിശ്ചയിക്കുക.
മിനിമം വേതനത്തിലെ വര്‍ധന കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് അറിയിക്കുന്നതിനായി തൊഴിലുടമകള്‍ എല്ലാ വിവരങ്ങളും സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. പുതുക്കിയ നിരക്കില്‍ വേതനം കൊടുക്കാത്ത തൊഴിലുടമയ്‌ക്കെതിരേ നടപടിയുമുണ്ടാകും.
കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ കാനഡയിലേക്കുള്ള മലയാളികളുടെ ഒഴുക്ക് ഈ വര്‍ഷം കുറയുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി വിസ അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമങ്ങള്‍ കര്‍ക്കശമാക്കിയതും തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതും പാര്‍പ്പിട സൗകര്യം പരിമിതപ്പെടുത്തിയതും കാനഡ വിട്ട് മറ്റ് രാജ്യങ്ങള്‍ തെരയാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.
നിലവില്‍ നഴ്സിങ്, ഹെല്‍ത്ത് കെയര്‍, ഡാറ്റ അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ്, ബിസിനസ് ഇന്റലിജന്‍സ് അനാലിസിസ്, ക്ലൗഡ് ആര്‍കിടെക്ച്ചര്‍, സെക്യൂരിറ്റി അനാലിസിസ്, ഫാര്‍മസി തുടങ്ങിയവയാണ് കാനഡയില്‍ മികച്ച ശമ്പളം നല്‍കുന്ന തൊഴില്‍ മേഖലകള്‍.
Next Story
Videos