Begin typing your search above and press return to search.
സില്‍വര്‍ലൈന്‍; സ്ഥലമേറ്റെടുക്കലിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പച്ചക്കൊടി
കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍ഗോഡുമായി ബന്ധിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി പുതുക്കിയ ഫണ്ട് സമാഹരണ പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരം 64,000 കോടി രൂപയുടെ പുതുക്കിയ ഫണ്ട് സമാഹരണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. അനുമതികള്‍ കിട്ടുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കാനും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ജാപ്പനീസ് വികസന ഏജന്‍സിയായ ജിക, പദ്ധതിക്കായി 33,700 കോടി രൂപയുടെ ധനസഹായം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. അത് 2019 ല്‍ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചതുമാണ്. എന്നാല്‍ പിന്നീട് ജികയില്‍ നിന്നുള്ള ഫണ്ട് പൂര്‍ണമായും ലഭിക്കാത്ത സാഹചര്യം വന്നു. തുടര്‍ന്ന് കേന്ദ്ര ധനമന്ത്രാലയം പുതുക്കിയ ഫണ്ട് ശേഖരണ പദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജനുവരി 5 ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നോഡല്‍ നടപ്പാക്കല്‍ ഏജന്‍സിയായ കേരള റെയില്‍ വികസന കോര്‍പ്പറേഷനോട് (കെ-റെയില്‍) സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. ഇതിന് ആവശ്യമായ അനുമതികള്‍ നേടിയെടുക്കാനാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. 63,941 കോടി പദ്ധതിക്കായി ജികയുമായി വീണ്ടും സഹകരിച്ച് പ്രവര്‍ത്തിക്കാനും കേന്ദ്രം കെ-റെയിലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്രം സമര്‍പ്പിച്ചതും അംഗീകരിച്ചതുമായ പുതുക്കിയ ഡെറ്റ് ഫണ്ടിംഗ് പദ്ധതി പ്രകാരം കേരളം നേരത്തെ ജികയോട് ആവശ്യപ്പെട്ടിരുന്ന 4.6 ദശലക്ഷം ഡോളര്‍ ഫണ്ടില്‍ നിന്ന് 2.5 ദശലക്ഷം ഡോളറായി വായ്പ തുക പകുതിയാക്കിയിട്ടുണ്ട്. അതേസമയം
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്ന് ഒരു ബില്യണ്‍ യുഎസ് ഡോളറും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്ന് 500 മില്യണ്‍ ഡോളറും ജര്‍മ്മന്‍ വികസന ഏജന്‍സിയായ കെഎഫ്ഡബ്ല്യുവില്‍ നിന്ന് 460 മില്യണ്‍ ഡോളറും കെ-റെയില്‍ ഈ പദ്ധതിക്കായി ആവശ്യപ്പെട്ടിരിക്കുന്നതായി കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ അറിയിച്ചു.
ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനുശേഷം പദ്ധതിരേഖ ( ഡിപിആര്‍) റെയില്‍വേ ബോര്‍ഡ്, റെയില്‍വേ മന്ത്രാലയം, നിതി അയോഗ് എന്നിവയുടെ അനുമതികള്‍ക്കായി നല്‍കിയിരുന്നു. നിക്ഷേപ സമാഹരണത്തെക്കുറിച്ചും സ്ഥലമേറ്റെടുക്കലിനെക്കുറിച്ചും നിതി അയോഗ് സംസ്ഥാന സര്‍ക്കാരിനോട് കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പദ്ധതി നടത്തിപ്പിലേക്കുള്ള ഫണ്ട് സംബന്ധിച്ച് കെ റെയിലും അനുമതികള്‍ നല്‍കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ കാസര്‍ഗോഡുമായി ബന്ധിപ്പിക്കുന്ന ഈ 529.45 കിലോമീറ്റര്‍ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോല്‍ എടുക്കുന്ന സഞ്ചാര സമയമായ 12 മണിക്കൂര്‍ എന്നത് 4 മണിക്കൂറായി വെട്ടിച്ചുരുക്കാം. തിരുവനന്തപുരം-എറണാകുളം / കൊച്ചി എന്നിവ 90 മിനിറ്റിനുള്ളില്‍ പറന്നെത്താം. ഇപ്പോള്‍ 4 മണിക്കൂറിലധികം വേണ്ടിവരുന്നിടത്താണിത്.
Next Story
Videos