കോവിഡ് വ്യാപനം, കുറയുന്ന നികുതി വരുമാനം, കേന്ദ്ര നിലപാടുകള്‍: പിണറായിക്ക് മുന്നില്‍ വെല്ലുവിളികളേറെ

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍. കാലാവധി തികച്ച് അധികാരം നിലനിര്‍ത്തിയ കേരള ചരിത്രത്തിലെ ആദ്യമുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍, അവരെ അടുത്തറിഞ്ഞ് ചെയ്തുകൊടുത്തതു കൊണ്ടാണ് ജനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി വീണ്ടും അധികാരത്തിലെത്തിച്ചിരിക്കുന്നതും. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം, നിപ്പ, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിലെ ഓരോ കുടുംബത്തിനും കരുതലും ആത്മവിശ്വാസവുമേകി മുന്നില്‍ നിന്ന് നയിച്ചതും തുടര്‍ഭരണം സാധ്യമാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍
കോവിഡിന്റെ അതിതീവ്ര വ്യാപനം തന്നെയാണ് പിണറായി സര്‍ക്കാരിനെ ഇനിയും കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. നിലവില്‍ ആശുപത്രികള്‍ നിറഞ്ഞുകഴിഞ്ഞു. കോവിഡിന്റെ രണ്ടാംതരംഗം അതിന്റെ മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന നിഗമനവും വിദഗ്ധര്‍ക്കുണ്ട്. സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലാതെ, ജനങ്ങളുടെ ജീവതോപാധികള്‍ തടസ്സപ്പെടുത്താതെ കോവിഡിനെ എങ്ങനെ വരുതിയില്‍ നിര്‍ത്താമെന്നതു തന്നെയാകും പ്രധാന വെല്ലുവിളി.

എന്നിരുന്നാലും കോവിഡ് വ്യാപനം സാധാരണക്കാരെ, അവരുടെ ഉപജീവനമാര്‍ഗങ്ങളെ വന്‍തോതില്‍ ബാധിക്കുക തന്നെ ചെയ്യുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റ് അടക്കമുള്ളവ ഇനിയും തുടരേണ്ടിവരും. ആശുപത്രി സൗകര്യങ്ങള്‍ കൂട്ടേണ്ടി വരും. വാക്‌സിന്‍ വിതരണം സൗജന്യമായി നടത്തണം. ഇതിനെല്ലാം വന്‍തോതില്‍ പണം ചെലവിടേണ്ടി വരും.

പക്ഷേ അതിനനുസൃതമായി സര്‍ക്കാരിന് റവന്യു വരുമാനം വര്‍ധിക്കുന്നില്ലെന്ന് മാത്രമല്ല, നികുതി വരുമാനം കുത്തനെ ഇടിയാന്‍ തന്നെയാണ് സാധ്യത. ജി എസ് ടി വിഹിതം കുറഞ്ഞേക്കും. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും ഇടിവുണ്ടാകും. നിലവില്‍ സര്‍ക്കാരിന്റെ ഖജനാവിന്റെ ആരോഗ്യസ്ഥിതിയും മെച്ചമല്ല. ചെലവുകള്‍ കുത്തനെ കൂടുകയും വരുമാനം കുറയുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ ദുര്‍ബലമാകും.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം ഇനി തിരിച്ചുകൊടുക്കേണ്ടി വരും. അത് മാത്രമല്ല സാമൂഹ്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ളവ വര്‍ധിപ്പിച്ചതോടെ ആ ഇനത്തിലുള്ള ചെലവുകളും കൂടിയിട്ടുണ്ട്.
റെവന്യു വരുമാനം കുറയും
കോവിഡ് വ്യാപനം രൂക്ഷമായതോടെ ബാറുകള്‍ അടക്കം അടച്ചിടേണ്ടി വരുകയാണ്. മാത്രമല്ല, പൊതുഗതാഗതം നിലച്ച മട്ടാണ്. കൂടുതലായി സ്വകാര്യ വാഹനങ്ങളെ ജനം ആശ്രയിക്കുന്നുണ്ടെങ്കിലും പെട്രോള്‍/ ഡീസല്‍ വില്‍പ്പന കൂടാനിടയില്ല. അതുകൊണ്ട് ആ ഇനത്തിലുള്ള നികുതിയിലും കുറവുവരും.

ചെറുകിട - ഇടത്തരം ബിസിനസുകള്‍ നിലയ്ക്കാതിരിക്കാന്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെങ്കിലും ഒട്ടുമുക്കാലും സ്ഥാപനങ്ങളും പലവിധ കാരണങ്ങള്‍ കൊണ്ട് പൂട്ടിയിടേണ്ട അവസ്ഥയിലാണ്. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ക്ഷാമം, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം, പ്രവര്‍ത്തന മൂലധനം ഇല്ലാത്തത് തുടങ്ങി വിവിധ കാരണങ്ങള്‍ വ്യവസായങ്ങളെ ശ്വാസം മുട്ടിക്കുന്നുണ്ട്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെയും ബാധിക്കും.
പ്രതികാര ബുദ്ധിയോടെ കേന്ദ്ര സര്‍ക്കാര്‍
കേരളത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായ പ്രതികരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയ്ക്കും വകയില്ല. കേരളത്തില്‍ ഒരു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതിന്റെ നിരാശ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് കാണും. ഫെഡറല്‍ സംവിധാനത്തെ മാനിച്ചുകൊണ്ട് നയതന്ത്രജ്ഞതയോടെ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് പെരുമാറുമെന്ന് ഉറച്ച് വിശ്വസിക്കാന്‍ പാകത്തിലുള്ള സൂചനകളല്ല ഇതുവരെ ലഭിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങളും അഭ്യര്‍ത്ഥനകളും കേന്ദ്രം എത്രമാത്രം ചെവിക്കൊള്ളുമെന്ന് കണ്ടറിയണം.

ചെലവുകള്‍ കുത്തനെ ഉയരുന്നതും അതിനനുസരിച്ച് വരുമാനമില്ലാത്തതും ദുര്‍ബലമായ സാമ്പത്തിക ആരോഗ്യവും നികുതി വരുമാനത്തില്‍ വരുന്ന ഇടിവും ഒപ്പം കേന്ദ്രത്തിന്റെ പ്രതികാര ബുദ്ധിയും ചേര്‍ന്നാല്‍ കടുത്ത വെല്ലുവിളിയാകും പിണറായിക്ക് മുന്നിലുണ്ടാവുക.

ശക്തമായ ജനപിന്തുണ സര്‍ക്കാരിനുണ്ട്. കരുത്തുറ്റ മന്ത്രിസഭ രൂപീകരിക്കാന്‍ തക്ക കഴിവുള്ളവരുടെ നിര തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അക്ഷരാര്‍ത്ഥത്തില്‍ നവകേരളം കെട്ടിപ്പടുക്കുകയെന്ന ശ്രമകരമായ ദൗത്യം തന്നെയാണ് പിണറായി വിജയനും കൂട്ടര്‍ക്കുമുള്ളത്.

മദ്യം, ലോട്ടറി പോലുള്ള നികുതി വരുമാനമാര്‍ഗങ്ങള്‍ക്കപ്പുറം പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക, കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് ഇവിടെ ബിസിനസ് തുടങ്ങാനും തൊഴില്‍ കിട്ടാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്തുതീര്‍ക്കാനുണ്ട്. കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ആധുനിക കേരളം കെട്ടിപ്പടുക്കുക എന്നത് തന്നെയാണ് പിണറായി വിജയന്റെ മുന്നിലെ ദൗത്യവും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it