ഇ-കൊമേഴ്സ് രംഗത്ത് അതിവേഗ മുന്നേറ്റം

രാജ്യത്തെ എഫ്എംസിജി ഓണ്‍ലൈന്‍ വില്‍പന മാര്‍ച്ച് പാദത്തില്‍ 50 ശതമാനമായെന്ന് നീല്‍സണ്‍ റിപ്പോര്‍ട്ട്

Covid may lift India'd e commerce market to 85 billion dollars by 2024
-Ad-

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്തൃ ഉത്പന്ന വില്‍പ്പന കുതിച്ചുയര്‍ന്നതിന്റെ കണക്കുകളുമായി വിവിധ കമ്പനികള്‍. എല്ലാ പ്രധാന ഉപഭോക്തൃ ഉത്പന്നങ്ങളുടെയും ഇ-കൊമേഴ്സ് വില്‍പ്പന കൊറോണക്കാലത്ത് ഇരട്ടിയിലധികമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ആമസോണ്‍ തുടങ്ങിയുള്ള ആഗോള കമ്പനികള്‍ ഇന്ത്യയില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, പാര്‍ലെ പ്രോഡക്ട്സ്, എല്‍ജി, വിവോ, ഗോദ്‌റേജ് തുടങ്ങിയ എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഇ-കൊമേഴ്സ് വില്‍പ്പന ഇരട്ടിയിലധികമാക്കാന്‍ കഴിഞ്ഞു. മിക്ക ഓഫ്ലൈന്‍ സ്റ്റോറുകളും അടഞ്ഞു കിടന്നപ്പോള്‍ ഓണ്‍ലൈനിലൂടെ കമ്പനികള്‍  അതിശയകരമായ വില്‍പ്പന നടത്തി. കടകള്‍ പഴയ നിലയിലാകാന്‍ താമസമെടുക്കുമെന്നും ഓഫ്ലൈന്‍ ഷോപ്പിംഗിലേക്കു മടങ്ങാന്‍ ജനങ്ങള്‍ നിലവില്‍ മടിക്കുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാന്‍ സഞ്ജീവ് മേത്ത പറയുന്നു.

സുരക്ഷയ്ക്കു ജനങ്ങള്‍ മുന്‍തൂക്കം നല്‍കിവരുന്നതിനാല്‍ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെയുള്ള എഫ്.എം.സി.ജി സാധനങ്ങളുടെ വില്‍പ്പന കുതിച്ചുയരുകയാണെന്ന്  ഐടിസി ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബി സുമന്ത് ചൂണ്ടിക്കാട്ടി. 2017 വരെ ഓണ്‍ലൈനിലൂടെയുള്ള പലവ്യഞ്ജന ചരക്കുകളുടെ വില്‍പ്പന ഒരു ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 4-7 ശതമാനം ആയി മാറും എന്നാണ് കരുതുന്നത്. പ്രതിവര്‍ഷം 50 ശതമാനം വര്‍ധനയാണ് ഓണ്‍ലൈന്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിതരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എട്ട് ദശലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ആണ് ലോക്ഡൗണിനു മുമ്പ്  ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്.ഇതില്‍ അഞ്ചിലൊന്ന് സ്റ്റോറുകള്‍ ഇനിയും തുറന്നിട്ടില്ലെന്ന് സഞ്ജീവ് മേത്ത പറഞ്ഞു. സ്റ്റോര്‍ തുറന്നില്ലെങ്കില്‍ ഡിമാന്‍ഡ് നഷ്ടപ്പെടും എന്നല്ല അര്‍ത്ഥം. പല ആധുനിക വ്യാപാര കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഇത് ഓമ്നി-ചാനലിന്റെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു

ഏറ്റവും പുതിയ നീല്‍സണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ എഫ്എംസിജി വില്‍പനയില്‍ ഓണ്‍ലൈന്‍ സംഭാവന 50 ശതമാനം ഉയര്‍ന്നു. ഇ-ഗ്രോസറുകളിലേക്ക് ഉപയോക്താക്കള്‍ കൂടുതലായി കടന്നപ്പോള്‍ പ്രാദേശിക പലചരക്ക് വില്‍പ്പന വിഹിതം 220 ബേസിസ് പോയിന്റ് ഇടിഞ്ഞു.

അതേസമയം, ഇന്ത്യയിലെ ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഡിമാന്‍ഡ് 100 മടങ്ങ് വരെ വര്‍ദ്ധിച്ചെങ്കിലും തൊഴിലാളികളുടെ കുറവും വിതരണ തടസ്സങ്ങളും കാരണം കമ്പനികള്‍ക്ക് അത് നിറവേറ്റാനായില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനിയായ പാര്‍ലെ പ്രൊഡക്ട്‌സ് സീനിയര്‍ കാറ്റഗറി ഹെഡ് ബി കെ റാവു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനാല്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമുണ്ടാകും.കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 4% ആയി ഓണ്‍ലൈന്‍ വിഹിതം. വര്‍ദ്ധന 100 ശതമാനം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇ-കൊമേഴ്സ് വില്‍പ്പന 40 ശതമാനം വര്‍ധിച്ചതായി പ്യൂമ ഇന്ത്യ എംഡി അഭിഷേക് ഗാംഗുലി പറഞ്ഞു. അവശ്യവസ്തുക്കള്‍ മാത്രം ഓണ്‍ലൈനിലൂടെ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ മറ്റ് വസ്തുക്കളും ഇതേ രീതിയില്‍ വാങ്ങുന്നുണ്ട്. ഇ-കൊമേഴ്സ് സംഭാവന ഇനിയും ഉയരുമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവി കമല്‍ നന്ദി പറഞ്ഞു.ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ വില്‍പ്പന കോവിഡിന് മുമ്പുള്ള ദിവസങ്ങളില്‍ നിന്ന് രണ്ട് മടങ്ങ് വര്‍ധിച്ചുവെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ബിസിനസ് മേധാവി ദീപക് തനേജ ചൂണ്ടിക്കാട്ടി.

മൊബൈല്‍ ഫോണ്‍ സെയില്‍സ് ട്രാക്കര്‍ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് കണക്കാക്കുന്നത് മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ ഇ-കൊമേഴ്സ് വിഹിതം 2020 ല്‍ 45% ആയിരിക്കുമെന്നാണ്. കഴിഞ്ഞ വര്‍ഷം, മൊത്ത വില്‍പ്പനയുടെ 38-39% ഓണ്‍ലൈന്‍ ആയിരുന്നു. ഇന്ത്യക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് സ്റ്റോറുകളിലേക്കും മാളുകളിലേക്കും പോകുന്നത് ഒഴിവാക്കുന്നതിനാല്‍ രാജ്യത്ത് ഒരു വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് അടിത്തറ കരുത്താര്‍ജിക്കുന്നതായി ഞങ്ങള്‍ കാണുന്നു – ഇന്ത്യന്‍ ഇ-കൊമേഴ്സ് വ്യവസായത്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.2024ല്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന 85 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണു കണക്കാക്കപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here