എം.എസ്.എം.ഇ മേഖലയ്ക്ക് 4.5 ലക്ഷം കോടി നല്‍കണം: സര്‍ക്കാരിനോട് ഫിക്കി

ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധി നേരിടുന്ന എംഎസ്എംഇ മേഖലയ്ക്ക് 4.5 ലക്ഷം കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റീഫണ്ടുകളും മറ്റ് സര്‍ക്കാര്‍ കുടിശ്ശികകളും മരവിച്ചതോടെ മുടങ്ങിക്കിടക്കുന്ന 2.5 ലക്ഷം കോടി രൂപ കമ്പനികള്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്നും ഫിക്കി നിര്‍ദ്ദേശിച്ചു.

ഇതുകൂടാതെ കൂടാതെ, 50 കോടിയില്‍ താഴെ വിറ്റുവരവുള്ള എംഎസ്എംഇ കമ്പനികള്‍ക്ക് 12 മാസക്കാലം വരെ കാലാവധിയിലേക്ക് കൊളാറ്ററല്‍ രഹിത വായ്പകള്‍ പലിശ ഒഴിവാക്കി നല്‍കണമെന്ന് ഫിക്കി പ്രസിഡന്റ് സംഗീത റെഡ്ഡി അഭ്യര്‍ത്ഥിച്ചു. ശമ്പളം കൊടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനച്ചെലവുകള്‍ക്ക് ഇതാവശ്യമാണ്. എംഎസ്എംഇകളെ തിരികെ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിന് 'ഗരിബ് കല്യാണ്‍ യോജന'യില്‍ നേരത്തെ പ്രഖ്യാപിച്ച തുക തീര്‍ത്തും അപര്യാപ്തമാണ്. നിലവിലെ സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ മേഖലയെ നവീകരിക്കണം. വ്യോമയാനം, ടൂറിസം തുടങ്ങി ഏറ്റവും കൂടുതല്‍ ആഘാതമേറ്റ മേഖലകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം-ഫിക്കി പ്രസിഡന്റ് പറഞ്ഞു.

കോവിഡ് മൂലം ബാലന്‍സ് ഷീറ്റ് തകരാറിലായ വന്‍കിട കമ്പനികളുടെ പുനഃസംഘടന സാധ്യമാക്കാന്‍ പുതിയ വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് 10,000 കോടി രൂപ അനുവദിക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ സംഗിത റെഡ്ഡി ചൂണ്ടിക്കാട്ടി. നിലവിലുള്ള വായ്പകളുടെ കാലാവധി നീട്ടുന്നതിന് ബാങ്കുകള്‍ക്ക് നാല് വര്‍ഷത്തേക്ക് 40,000 കോടി രൂപ ഗ്യാരണ്ടി ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇത് കമ്പനികളുടെ പിടിച്ചു നില്‍പ്പിനു സഹായിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അടങ്ങുന്ന വിതരണ ശൃംഖലകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ മുതലെടുക്കാന്‍ നവീകരണം, നിര്‍മ്മാണം, ഉല്‍പ്പാദനം എന്നിവയ്ക്കായി 'ഭാരത് സ്വയംപര്യാപ്തതാ ഫണ്ട്' ആവശ്യമാണെന്നും കത്തില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it