പാക്കേജ് വിശദാംശങ്ങള്‍ നിര്‍മ്മല സീതാരാമന്‍ ഇന്നു 4 ന് പ്രഖ്യാപിക്കും

പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് ആശ്വാസ പാക്കേജിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പത്ര സമ്മേളനം ഇന്നു വൈകുന്നേരം നാലിന്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതം മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് മോദി ഇന്നലെ രാത്രി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പേരിലുള്ള പ്രത്യേക സാമ്പത്തിക പാക്കേജ്. കര്‍ഷകര്‍, തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായികള്‍ തുടങ്ങി സകല മേഖലകളെയും സ്പര്‍ശിക്കുന്നതാണിത്. വന്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് തയ്യാറെടുക്കുന്നു എന്ന സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.

കൊറോണ പ്രതിസന്ധി തുടങ്ങിയതിന് ശേഷം മാത്രം റിസര്‍വ് ബാങ്ക് 5 മുതല്‍ 6 ലക്ഷം കോടി രൂപ വരെ വിപണിയില്‍ അധികമായി ഇറക്കിയിട്ടുണ്ട്. ഇത് കൂടാതെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാര്‍ച്ച് 26 ന് 1.7 ലക്ഷം കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ഭാഗമാകുമോ ഈ തുകകള്‍ എന്നറിയാന്‍ നിര്‍മ്മല സീതാരാമന്റെ പത്ര സമ്മേളനം വരെ രാജ്യത്തിനു കാത്തിരിക്കേണ്ടിവരും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലത്തില്‍ ശക്തിപ്പെട്ടുകഴിഞ്ഞു. ഇന്ന് നമുക്ക് ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടാന്‍ സാധിക്കുന്നു. നമ്മള്‍ ആഗ്രഹിക്കുന്നത് സമഗ്രമായ മാറ്റമാണ്. അല്ലാതെ ചെറിയ ചെറിയ സഹായങ്ങളും മാറ്റങ്ങളുമല്ല. നമുക്ക് ഈ മഹാമാരിക്കാലഘട്ടത്തെ മികച്ച അവസരമാക്കിയാണ് മാറ്റേണ്ടത്.- പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ശേഷം നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.2001ലെ കച്ചിലെ ഭൂകമ്പത്തിലെ തകര്‍ന്ന ഗുജറാത്ത് ഉയര്‍ത്തെഴുന്നേറ്റത് ജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ്. അതിനാലാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര ഭാരതം എന്ന ആശയത്തിലൂടെ ജനങ്ങളുടെ കൂട്ടായ്മയില്‍ വിശ്വാസം ഊന്നിയിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

പ്രാദേശിക ഉത്പാദനം ഉറപ്പാക്കിയാല്‍ മാത്രമേ രാജ്യത്തിന് മുന്നേറാനാകൂ എന്ന സന്ദേശം ഊന്നിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രാദേശികതയുടെ സാധ്യതയെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും വാചാലമാകേണ്ട സാഹചര്യമാണിത്. പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം അവ അഭിമാനത്തോടെ പ്രചരിപ്പിക്കാനുമാകണം. ഭൂമി, തൊഴില്‍, നിയമം തുടങ്ങിയവയ്‌ക്കെല്ലാം ഊന്നല്‍ നല്‍കുന്നു പ്രത്യേക സാമ്പത്തിക പാക്കേജ്. മൂന്നാം ലോക്ഡൗണിനു പിന്നാലെ നാലാം ലോക്ഡൗണ്‍ ഉണ്ടാകുമെന്ന സൂചനയും നല്‍കിയ പ്രധാനമന്ത്രി, ഇതിന് പുതിയ നടപടിക്രമങ്ങളാകും ഉണ്ടാകുകയെന്നും മേയ് 18ന് മുന്‍പ് അവ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡില്‍ നിന്ന് കരകയറുകയും മുന്നേറുകയും ചെയ്യും.

രാജ്യത്ത് ധീരമായ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ പാക്കേജ് വന്‍ ചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും.

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള അടിത്തറയാണ് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. സ്വയംപര്യാപ്തത ഉറപ്പാക്കാനായാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. മാനവികക്ഷേമത്തിനായി എന്തെങ്കിലും ചെയ്യാനാവുന്നത് ഇന്ത്യയ്ക്കാകും എന്ന വിശ്വാസത്തിലാണ് ലോകം. ഈ വിശ്വാസം കാത്തുസൂക്ഷിച്ചുള്ള സ്വയംപര്യാപ്തതയാണാവശ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it