അപായ സൂചന ഉയര്‍ത്തി ധനക്കമ്മി; ജി.ഡി.പിയുടെ 4.4 ശതമാനമെത്തി

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി മാര്‍ച്ച് 31ന് സമാപിച്ച 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.4 ശതമാനത്തിലെത്തി. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കമ്മിയാണിത്. പരമാവധി 3.8 ശതമാനത്തിനുള്ളിലാക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ലക്ഷ്യം.

സമ്പദ്മാന്ദ്യം മൂലം നികുതി സമാഹരണം കുറഞ്ഞതും വിപണിയുടെ ഉണര്‍വിനായി ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചതുമാണ് ബജറ്റിലെ വരവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി ഉയര്‍ത്തിയത്.1.7 ട്രില്യണ്‍ രൂപയുടെ (22 ബില്യണ്‍ ഡോളര്‍) വരുമാനക്കുറവ് ഉയര്‍ന്ന കമ്മിയിലേക്ക് നയിച്ചു. നടപ്പുവര്‍ഷം (2020-21) ധനമന്ത്രിയുടെ ലക്ഷ്യം 3.5 ശതമാനമാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് 8 ശതമാനത്തിനുമേല്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ കഴിഞ്ഞ ദിവസം കണക്കാക്കിയത് ജൂണ്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 20 ശതമാനം വരെ ചുരുങ്ങുമെന്നാണ്. 'സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഘട്ടം ഘട്ടമായുള്ള ഇളവുകള്‍ സാമ്പത്തിക പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കും. പക്ഷ്, പ്രധാന നഗര കേന്ദ്രങ്ങളിലെ താരതമ്യേന കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രവര്‍ത്തന വേഗതയെ സാരമായി ബാധിക്കും. തൊഴിലില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകും,'- ഏജന്‍സി പറഞ്ഞു. ഉല്‍പ്പാദനം, നിര്‍മ്മാണം, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം തുടങ്ങിയ മേഖലകള്‍ തളര്‍ച്ച മാറ്റാനാകാതെ വിഷമിക്കും. അതനുസരിച്ച്, മൊത്ത ആഭ്യന്തര ഉത്പാദനം 2020-21 ആദ്യ പാദത്തില്‍ 16-20 ശതമാനം ചുരുങ്ങും.

കോവിഡ് -19 പ്രതിസന്ധിയെ നേരിടാന്‍ 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പര്യാപ്തമല്ലെന്ന് പലരും കരുതുന്നു. ഉത്തേജക പാക്കേജിന്റെ പകുതിയിലധികം ഇതിനകം ബജറ്റ് 2020-21 പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് പുതിയ പണമല്ലെന്നും ചില വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it