വിദേശ നാണയ ശേഖരം 6 ആഴ്ചത്തെ ഉയരത്തില്‍

ഏറെക്കാലത്തെ ഇടിവിന് ശേഷം ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ മികച്ച വര്‍ധന. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 1280 കോടി ഡോളര്‍ ഉയര്‍ന്ന് ആറാഴ്ചത്തെ ഉയരമായ 57,280 കോടി ഡോളറില്‍ എത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മാര്‍ച്ച് 10ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 56,000 കോടി ഡോളറായിരുന്നു.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ പൗണ്ട്, യെന്‍, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ ശേഖരം തുടങ്ങിയവയുണ്ട്. ശേഖരത്തില്‍ മുഖ്യപങ്കും സംഭാവന ചെയ്യുന്ന വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 1049 കോടി ഡോളര്‍ ഉയര്‍ന്ന് 50,534 കോടി ഡോളറായതാണ് മാര്‍ച്ച് 17ന് സമാപിച്ച ആഴ്ചയില്‍ നേട്ടമായത്.
സ്വര്‍ണത്തിലും ഐ.എം.എഫിലും നേട്ടം
കരുതല്‍ സ്വര്‍ണ ശേഖരം 219 കോടി ഡോളര്‍ വര്‍ധിച്ച് 4411 കോടി ഡോളറായി. ഐ.എം.എഫിലെ കരുതല്‍ ശേഖരങ്ങളായ 'സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്.ഡി.ആര്‍)' 9.8 കോടി ഡോളറിന്റെയും റിസര്‍വ് പൊസിഷന്‍ 2.9 കോടി ഡോളറിന്റെയും വര്‍ധന കുറിച്ചിട്ടുണ്ട്.
രൂപയെ രക്ഷിക്കാന്‍ ഡോളറിനെ കൈവിട്ടു
ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ വിദേശ നാണയ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞതാണ് മുന്‍ ആഴ്ചകളില്‍ തിരിച്ചടിയായത്. പിന്നീട് രൂപ നില മെച്ചപ്പെടുത്തിയത് വിദേശ നാണയ ശേഖരം വര്‍ധിക്കാന്‍ മാര്‍ച്ച് 17ന് സമാപിച്ച ആഴ്ചയില്‍ വഴിയൊരുക്കി. 2022ന്റെ തുടക്കത്തില്‍ വിദേശ നാണയ ശേഖരം 63,300 കോടി ഡോളറായിരുന്നു.

Related Articles

Next Story

Videos

Share it