ജിഎസ്ടി: കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കട്ടേയെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

ചരക്കു സേവന നികുതിയില്‍ വന്ന കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തിനും ബംഗാളിനും പുറമേ ബിജെപി ഇതര സര്‍ക്കാരുകളുള്ള നാല് സംസ്ഥാനങ്ങളാണ്് തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുള്ളത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി കെ പളനിസ്വാമി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ധനമന്ത്രി നിര്‍മല സീതാരാമനും ഇതു സംബന്ധിച്ച് കത്തെഴുതി. 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഇത്തവണ ജിഎസ്ടിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ രണ്ടു തരത്തിലുള്ള കടമെടുപ്പിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിശദീകരിച്ചിരുന്നു.

നഷ്ടം നികത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് കേരള ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നിലപാട്. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ തള്ളുക മാത്രമല്ല, പകരം നിര്‍ദ്ദേശം കൂടി മുന്നോട്ട് വെക്കുകയാണ് അദ്ദേഹം. കേന്ദ്രം കടമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കടം വീട്ടുന്നതു വരെ സെസ് പിരിക്കാന്‍ സംസ്ഥാനം തയാറാണെന്നുമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

കേന്ദ്രത്തിന് കടമെടുക്കല്‍ എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു. 21 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ കൂടുതല്‍ കടമെടുക്കുന്ന ഫണ്ടുകളാണ്. അതേസ്ഥാനത്ത് ഇവിടെ ആവശ്യം 2.35 ലക്ഷം കോടി രൂപയുടേത് മാത്രവും. ഇത് എളുപ്പത്തില്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനാവും.

ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ നിയമവഴി തേടാനും മടിക്കില്ലെന്നാണ് സൂചന.
ജിഎസ്ടി വരുമാന നഷ്ടമായ മൂന്നര ലക്ഷം കോടിയോളം രൂപയില്‍ 97,000 കോടി രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജിഎസ്ടി നടപ്പിലാക്കിയതു മൂലമുള്ള നഷ്ടമെന്നും ബാക്കി 2.35 ലക്ഷം കോടി രൂപ കോവിഡ് മൂലമുണ്ടായതാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് നികത്താന്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് കടമെടുക്കാനുള്ള സാഹചര്യമൊരുക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. കൂടുതലായി സെസ് പിരിച്ച് തിരിച്ചടവിനുള്ള പണം കണ്ടെത്താമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it