ജിഎം കടുക് ഭക്ഷ്യഎണ്ണ ഇറക്കുമതി പ്രശ്‌നം പരിഹരിക്കില്ല: ഐസിഎആര്‍

ജനിതകമാറ്റം വരുത്തിയ കടുക് (DMH-11) വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യഎണ്ണ ഇറക്കുമതി പ്രശ്‌നം പരിഹരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ICAR) അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത്തരം വിളകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കാറുണ്ട്.

ഒക്ടോബറില്‍ തദ്ദേശീയമായി വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ കടുക് വിത്തുകള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യവിളയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പനയ്ക്ക് ഇത് വഴിയൊരുക്കും. ഇന്ത്യയില്‍ നിലവില്‍ കൃഷി ചെയ്യാന്‍ അനുവദനീയമായ ജനിതകമാറ്റം വരുത്തിയ ഏക വിള പരുത്തിയാണ്.

ചില ഇന്ത്യന്‍ സ്ഥാപനങ്ങള്‍ 13 വിളകള്‍ക്കുള്ള ജനിതകമാറ്റം വരുത്തിയ വിത്ത് വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഐസിഎആര്‍ ഡയറക്ടര്‍ ജനറലുമായ ഹിമാന്‍ഷു പഥക് പറഞ്ഞു. വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി അരി, ഗോതമ്പ്, കരിമ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജനിതകമാറ്റം വരുത്തിയ കടുകില്‍ പാരിസ്ഥിതിക സുരക്ഷാ പഠനങ്ങള്‍ നടത്തി കൃഷിക്കും ഭക്ഷണത്തിനും അവ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ മൂലം കളനാശിനികളുടെ വ്യാപകമായ ഉപയോഗം ആവശ്യമാണെന്നും ഇവ തേനീച്ചകള്‍ക്ക് ഭീഷണിയാണെന്നും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Videos
Share it