സ്വര്‍ണ്ണം കയ്യില്‍ വെച്ചിട്ടെന്തിന്....!
എം.ജി വാര്യര്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും സ്വര്‍ണ്ണം വാങ്ങുകയാണ്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമ്മുടെ സെന്‍ട്രല്‍ ബാങ്ക് മഞ്ഞ ലോഹത്തെ കരുതല്‍ ശേഖരത്തിന്റെ ഭാഗമാക്കുന്നത്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തില്‍ സ്വര്‍ണ്ണത്തിന്റെ വില എന്തെന്നും ബാങ്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആസ്തിയായി സ്വര്‍ണ്ണമുണ്ടാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയാന്‍ ഇതിലും നല്ലൊരു അവസരമുണ്ടോ?
2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ 8.46 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. അ
തായത്, 8,460 കിലോഗ്രാം സ്വര്‍ണം. 2018 ജൂണ്‍ 30ലെ കണക്കുപ്രകാരം 566.23 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലുള്ളത്. 2017 ജൂണ്‍ 30ന് ഇത് 557.77 ടണ്‍ ആയിരുന്നു.
'ദ് ഗ്രേറ്റ് ഇന്ത്യ ഗ്രോത്ത് സ്റ്റോറി'യില്‍ സ്വര്‍ണ്ണം വലിയ പങ്കാണ് വഹി
ക്കാന്‍ പോകുന്നത്. സ്വര്‍ണ്ണത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിലവില്‍ വരുത്തുന്നത്. വെറും അലങ്കാരം എന്നതിനപ്പുറമുള്ള സ്വര്‍ണ്ണത്തിന്റെ പ്രാധാന്യത്തെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആര്‍ബിഐയുടെ ഈ പുതിയ 'ഷോപ്പിംഗ്.'
1991 ല്‍ 46 .91 ടണ്‍ സ്വര്‍ണ്ണമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ജപ്പാനിലും ഈട് നല്‍കി 400 മില്യണ്‍ ആര്‍ബിഐ സമാഹരിച്ചത്.
സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ആ വര്‍ഷം ഡിസംബറിന് മുന്‍പേ തന്നെ ഈ സ്വര്‍ണം സര്‍ക്കാര്‍ തിരിച്ചെടുത്ത് ആര്‍ബിഐയ്ക്ക് കൈമാറി. പിന്നീട് 2009 ല്‍ ഐഎംഎഫില്‍ നിന്ന് 200 ടണ്‍ സ്വര്‍ണം കൂടി ആര്‍ബിഐ സ്വന്തമാക്കി. ഐഎംഎഫിന്റെ ലിമിറ്റഡ് ഗോള്‍ഡ് സെയ്ല്‍സ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ദരിദ്രരായ ജനങ്ങളുള്ള സമ്പന്നമായ രാജ്യം എന്ന് പേരുള്ള ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ഗോള്‍ഡ് മാനേജ്‌മെന്റിലൂടെ നേടാന്‍ കഴിയുന്നത് വമ്പന്‍ സാധ്യതകളാണ്. ആളുകളുടെ കൈവശമുള്ള സ്വര്‍ണ്ണശേഖരത്തിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്താന്‍ കഴിയണം, അതിനു വേണ്ടി ഒരു ദേശീയ സമവാക്യമുണ്ടാക്കുകയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയുമാണ് ഏറ്റവും പ്രധാനം.
പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ ആവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരെ സാമ്പത്തിക സഹായത്തിനായി ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. നമ്മുടെ ആഭ്യന്തര സ്വര്‍ണ്ണ ശേഖരത്തിന്റെ 20 ശതമാനമെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്നതാകണം ഒരു ഹ്രസ്വകാല ലക്ഷ്യം. രാജ്യത്തിന്റെ സ്വര്‍ണ്ണ ഇറക്കുമതി കാര്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കും. പക്ഷെ, ഇതിനു മുന്‍പ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ നടപ്പില്‍ വരുത്തണം.
ആഗോള ചരക്ക് യുദ്ധം നടക്കുന്ന ഈ കാലത്ത് ആര്‍ബിഐ സ്വര്‍ണത്തിന്റെ റിസര്‍വ് വര്‍ദ്ധിപ്പിക്കുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസകരം തന്നെ. അതുകൊണ്ട് ഈ ഗോള്‍ഡ് ഷോപ്പിംഗ് കുറച്ചുകാലം കൂടി തുടരണമെന്നാണ് അവരുടെയും പ്രതീക്ഷ. ഏറ്റവും സുരക്ഷിതം എന്ന് സ്വര്‍ണത്തെ വിശേഷിപ്പിക്കുന്നതും വെറുതെയല്ലല്ലോ.
(റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ലേഖകന്‍)